ആദിപമ്പ-വരട്ടാര്‍ തീരസംരക്ഷണം: 7.70 കോടിയുടെ പദ്ധതി

പത്തനംതിട്ട: ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലവിഭവ വകുപ്പ് നിര്‍മിക്കുന്ന നടപ്പാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് ചെങ്ങന്നൂര്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. മന്ത്രി മാത്യു ടി തോമസ് അധ്യക്ഷത വഹിക്കും. ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.
എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, വീണാ ജോര്‍ജ് എംഎല്‍എ, ഹരിതകേരളം മിഷന്‍  ഉപാധ്യക്ഷ ഡോ. റ്റി എന്‍ സീമ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്  പ്രസിഡന്റുമാരായ അന്നപൂര്‍ണാദേവി, ജി വേണു ഗോപാല്‍, ജലവിഭവ വകുപ്പ് ചീഫ് സെക്രട്ടറി ടോം ജോസ്, ജില്ലാ കലക്ടര്‍മാരായ ആര്‍ ഗിരിജ, റ്റി വി  അനുപമ, കെഎസ്‌സിഇ ഡബ്ല്യു ഡബ്ല്യുഎഫ്ബി ചെയര്‍മാന്‍ കെ അനന്തഗോപന്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഈപ്പന്‍ കുര്യന്‍, നിര്‍മ്മല മാത്യൂസ്, എന്‍ സുധാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ അനില്‍കുമാര്‍, മോന്‍സി  കിഴക്കേടത്ത്, ശ്രീലേഖാ രഘുനാഥ്, ഏലിക്കുട്ടി കുര്യാക്കോസ്, ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയര്‍ കെ എ ജോഷി പങ്കെടുക്കും.
രണ്ടാംഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി ആദി പമ്പവരട്ടാര്‍ കരകളിലൂടെ നടപ്പാത നിര്‍മിക്കുന്നതിനും തീരങ്ങള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതിനും ജല വിഭവ വകുപ്പ് 7.70 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.  ഇരവിപേരൂര്‍, കോയിപ്രം പഞ്ചായത്തുകളില്‍ അതിര്‍ത്തി പുനര്‍നിര്‍ണയം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ്  നദീ തീരത്ത് നടപ്പാതയും ജൈവ വൈവിധ്യ പാര്‍ക്കും  നിര്‍മിക്കും.
നടപ്പാതയുടെ ആദ്യഘട്ട നിര്‍മാണത്തിനാണ് ഇന്ന് (25) തുടക്കമാകുന്നത്. 2.20 കോടി  രൂപയാണ് ഇതിനു വകയിരുത്തിയിട്ടുള്ളത്.   നദിയില്‍ സ്ഥിരമായ ജലപ്രവാഹം സാധ്യമാക്കുകയാണ് രണ്ടാംഘട്ട പുനരുജ്ജീവന പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരട്ടാര്‍ ഒഴുകുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.
ഇതിനൊപ്പം വിവിധ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് എടുക്കുന്ന ജോലികള്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുകയാണ്. വഞ്ചിപ്പോട്ടില്‍  കടവ്, പുതുക്കുളങ്ങര ഉള്‍പ്പെടെ നാല് പാലങ്ങളും രണ്ടാംഘട്ടത്തില്‍  നിര്‍മിക്കും. ഇതിന് ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top