ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

തലശ്ശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ കള്ളിപ്പറമ്പില്‍ വീട്ടില്‍ ആല്‍വിന്‍ എന്ന അബി(31), പാലക്കാട് ആലത്തൂര്‍ സ്വദേശി ഷിജു ആന്റോ(39), തൃശൂര്‍ കൊടകര സ്വദേശി രജീഷ് എന്ന ചന്തു(34) എന്നിവരെയാണ് പിടികൂടിയത്. തലശ്ശേരി എഎസ്പി ചൈത്ര തെരേസാ ജോണിന്റെ നിര്‍ദേശപ്രകാരം തലശ്ശേരി സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തൃശൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന സംഘമാണ് ഇവരെന്നു പോലിസ് അറിയിച്ചു. തലശ്ശേരിയിലെ മല്‍സ്യ മൊത്ത വ്യാപാരി സെയ്ദാര്‍പള്ളിക്കു സമീപത്തെ ജഗന്നാഥ ടെംപിള്‍ റോഡിലെ ഹുദയില്‍ മജീദിന്റെ വീട്ടിലെത്തിയാണ് പണം കവര്‍ന്നത്. ഇക്കഴിഞ്ഞ സപ്തംബര്‍ 20ന് പുലര്‍ച്ചെയാണു സംഭവം. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച ഇന്നോവ, ബലേനോ കാറുകള്‍ കസ്റ്റഡിയിലെടുത്തു.
പ്രതി ഷിജു ആന്റോ പോലിസ് വേഷത്തിലാണ് മജീദിന്റെ വീട്ടിലെത്തിയത്. അന്നേദിവസം പുലര്‍ച്ചെ മൂന്നിനു അഞ്ചു പേര്‍ തലശ്ശേരിയിലെ പിപിഎം ഗ്രൂപ്പ് ഉടമ മജീദിന്റെ വീട്ടിലെത്തി. മജീദും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദായ നികുതി വകുപ്പ് ഓഫിസര്‍, മൂന്ന് ഉദ്യോഗസ്ഥര്‍, ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് ഓഫിസറെന്ന് പരിചയപ്പെടുത്തിയയാള്‍ തിരിച്ചുപോയി. സംഘം കൊണ്ടുവന്ന ഒരു ബാഗ് മറന്നുപോയിരുന്നു.
ഇത് അന്വേഷിച്ച് തിരിച്ചുവിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമയ്ക്ക് സംശയം തോന്നിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറിയിലെ പഴ്‌സിലുണ്ടായിരുന്ന 25000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായി. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.
തലശ്ശേരി മല്‍സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ചിറക്കുനി സ്വദേശി നൗഫല്‍ മുഖേനയാണ് പ്രതികള്‍ മജീദിന്റ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയത്. അറസ്റ്റിലായവര്‍ കൊലപാതക കേസിലുള്‍പ്പെടെ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. കേസില്‍ ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. തൃശൂര്‍ മാങ്കുളം സ്വദേശി പണപ്രാവിന്‍ വീട്ടില്‍ വിനു(36), തൃശൂര്‍ കൊടകര സ്വദേശി കനകമലയില്‍ ചെള്ളാടന്‍വീട്ടില്‍ ദീപു(33), മലപ്പുറം അരീക്കോട് സ്വദേശി ഏലിക്കോട് വീട്ടില്‍ ലത്തീഫ്(42), തലശ്ശേരി ചിറക്കര സ്വദേശി കുല്‍ഷന്‍ ഹൗസില്‍ നൗഫല്‍(36) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശികളായ അറുമുഖന്‍, വക്കീല്‍ എന്നറിയപ്പെടുന്ന മറ്റൊരാളെയുമാണ് പിടികൂടാനുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top