ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

ramadanക്കയില്‍ പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ശത്രുക്കളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു.
പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ തടുക്കാന്‍ ഖുറൈശികള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പ്രവാചകനെ ജോത്സ്യനെന്നും കവിയെന്നും മാരണം ബാധിച്ചവനെന്നും ആഭിചാരകനെന്നും മാറി മാറി വിളിച്ച് പ്രവാചകനില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനുളള ശ്രമങ്ങളൊന്നും തന്നെ ഏശുന്നില്ല.
ജനനം മുതല്‍ ബാല്യ-കൗമാര-യൗവന കാലം വരെ തങ്ങളുടെ കണ്‍ മുമ്പില്‍ ജീവിച്ച പക്വവും സംശുദ്ധവുമായ വ്യക്തിത്വത്തിന്റെ ഉടമയായ പ്രവാചകനെതിരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊന്നും തന്നെ ജനങ്ങള്‍ വില വെക്കാതിരുന്നത് ശത്രുക്കളെ അങ്കലാപ്പിലാക്കി. വാല്‍സല്യനിധിയായ  തന്റെ പിതൃവ്യനും തല മുതിര്‍ന്ന ഖുറൈശി കാരണവരുമായ അബൂത്വാലിബിന്റെ സംരക്ഷത്തിലാണ് പ്രവാചകന്‍ ഉളളത് എന്നതിനാല്‍ അദ്ദേഹത്തെ വകവരുത്താനോ ദേഹോപദ്രവം ചെയ്യാനോ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.
പ്രവാചക വിദ്വേഷം അടിമകള്‍ പോലുളള ദുര്‍ബലരെ മര്‍ദ്ദിച്ചാണ് ശത്രുക്കള്‍ തീര്‍ത്തിരുന്നത്. എതിര്‍പ്പുകള്‍ക്ക് വഴങ്ങാത്ത പ്രവാചകനെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കാനായി തുടര്‍ന്നു ഖുറൈശികളുടെ ശ്രമം. ഭൗതിക സുഖസൗകര്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മാത്രം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തങ്ങളുടെ അതേ മനോനിലയില്‍ അവര്‍ പ്രവാചകനെയും കണ്ടു. പിന്നെ ആ രീതിയിലായി അവരുടെ പരിശ്രമം.
'താങ്കള്‍ക്ക് മക്കയിലെ ഏറ്റവും വലിയ സമ്പന്നനാവുകയാണ് ആവശ്യമെങ്കില്‍ അതിനു വേണ്ട സമ്പത്ത് ഞങ്ങള്‍  സ്വരൂപിച്ചു തരാം. അധികാരമാണ് ആവശ്യമെങ്കില്‍ രാജാവായി വാഴിക്കാം. വിവാഹമാണ് ഉദ്ദേശ്യമെങ്കില്‍ മക്കയിലെ ഏതു സുന്ദരിയെ വേണമെങ്കിലും വിവാഹം ചെയ്തു തരാം'തുടങ്ങിയ വാഗ്ദാനങ്ങളുമായി അവര്‍ പ്രവാചകനെയും പിതൃവ്യനെയും സമീപിച്ചു. എന്നാല്‍ തന്റെ വലതു കൈയ്യില്‍ സൂര്യനെയും ഇടതു കയ്യില്‍ ചന്ദ്രനെയും വെച്ചു തന്നാല്‍ പോലും തന്റെ ദൗത്യ നിര്‍വഹണത്തില്‍ നിന്നു പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന് പ്രവാചകന്‍ അസന്നിഗദ്ധമായി പ്രഖ്യാപിച്ചു. അതോടെ ഖുറൈശികളുടെ ആ വഴിക്കുളള പ്രതീക്ഷ അസ്തമിച്ചു. അവരുടെ മുമ്പില്‍ അവശേഷിക്കുന്ന ഒരേ ഒരുമാര്‍ഗം പ്രവാചകനുമായി ഏതെങ്കിലും രീതിയിലുളള ഒത്തു തീര്‍പ്പിലെത്തുകയെന്നതായിരുന്നു.

ഖുറൈശി നേതാക്കളായ വലീദുബ്‌നു മുഗീറ,ആസ്ബ്‌നു വാഇല്‍, ഉമയ്യത്ബ്‌നു ഖലഫ്, അസ്‌വദ് ബ്‌നു മുത്തലിബ് തുടങ്ങിയവര്‍ പ്രവാചകനെ സമീപിച്ച് പരസ്പര  വൈരം ഇല്ലാതാക്കാനുളള ഒത്തുതീര്‍പ്പു ഫോര്‍മുല മുമ്പോട്ടു വെച്ചു. പ്രവാചകന്‍ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്ന ദൈവങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല. പകരം ഒരു വര്‍ഷം ഖുറൈശികള്‍ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കും. അടുത്ത വര്‍ഷം പ്രവാചകന്‍ ഖുറൈശികളോടൊപ്പം അവരുടെ ദൈവങ്ങളായ ലാത്ത,ഉസ്സ മനാത്ത പോലുളളവയെ ആരാധിക്കണം എന്നതായിരുന്നു ഫോര്‍മുല. ഈ നിര്‍ദേശം പല രൂപത്തില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ഉന്നയിക്കപ്പെടുകയുണ്ടായി. അതോടെ ഈ വിഷയത്തില്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും ഭാഗത്തു നിന്നുളള ഒരു വ്യക്തമായ നയപ്രഖ്യാപനം അനിവാര്യമായി വന്നു. ആ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ അവതരിച്ചു.
'(നബിയേ) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചു വന്നതിനെ ഞാന്‍ ആരാധിക്കുന്നവനല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം.എനിക്ക് എന്റെ മതവും.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 109  സൂറത്തുല്‍ കാഫിറൂന്‍ 1-6)

മുന്‍ ലക്കം ഇവിടെ വായിക്കാം

RELATED STORIES

Share it
Top