ആദരിക്കല്‍ ചടങ്ങില്‍ മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം ഡോക്ടര്‍മാരെ ഒഴിവാക്കിയത് വിവാദമാവുന്നു

കോഴിക്കോട്: നിപാ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രവര്‍ത്തിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം ഡോക്ടര്‍മാരെ ഒഴിവാക്കിയത് വിവാദമാവുന്നു. നിപാ നിയന്ത്രണവിധേയമാക്കുന്നതിന് പ്രധാന പങ്കു വഹിച്ച ഡോക്ടര്‍മാരായ ഡോ. കുര്യാക്കോസ്, ഡോ. ജയേഷ്‌കുമാര്‍ കൂടാതെ പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍ ഇവരുടെ പേരുകള്‍ ആദരിക്കുന്ന ചടങ്ങില്‍ ഇല്ല.
പനി വാര്‍ഡിന്റെ ഒരുക്കങ്ങളിലേക്ക് പലവട്ടം പോയപ്പോഴൊക്കെ അവിടെ പതിഞ്ഞ ശബ്ദത്തില്‍ സ്വാഗതവുമായി കുര്യാക്കോസ് ഡോക്ടറാണുണ്ടായിരുന്നത്. രാപ്പകലില്ലാതെ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ പണിയെടുക്കുന്ന സിറാജ് വൈത്തിരിയുടെ ടീമിന് പാതിവഴിയില്‍ പണി നിര്‍ത്തി പോവാതിരിക്കാനുള്ള എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് കുര്യാക്കോസ് ഡോക്ടറാണ്.
പുണ്യമാസത്തിലെ വ്രതശുദ്ധിയില്‍ നോമ്പുതുറ സമയത്തിന്റെ മണിക്കൂറുകള്‍ക്കു ശേഷം രാത്രി പത്തിന് മാസ്‌ക് വലിച്ചുകെട്ടിയ മുഖവുമായി സിറാജ് പറഞ്ഞതോര്‍ക്കുന്നു. ഈ സമയമായിട്ടും ഭക്ഷണം കഴിക്കുവാന്‍ സാധിച്ചിട്ടില്ല. സാറിന്റെ ഈ കാരുണ്യവും രോഗികള്‍ക്കായുള്ള ത്യാഗത്തിനും ആശങ്കക്കും മുന്നില്‍ എന്റെ വിശപ്പ് വലിയ കാര്യമില്ല. ഭക്ഷണവും വിശ്രമവുമില്ലാതെയാണ് കുര്യാക്കോസ് ഡോക്ടറും കൂടെ നിന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ഡോക്ടറുടെ പള്ളിയും ആരാധനാലയവും.
സാധാരണക്കാരായ രോഗികളാണ് അദ്ദേഹത്തിന് ദൈവം. സദാസമയവും കനിവൊഴുകുന്ന മനസ്സുമായി പ്രവര്‍ത്തന നിരതനായൊരാള്‍ നിപായുടെ ഭീതിയില്‍ മെഡിക്കല്‍ കോളജ് സ്തംഭിച്ചു നിന്ന സമയം എല്ലാ തിരക്കുകള്‍ക്കും അവധികൊടുത്ത് ഒരാശങ്കയുമില്ലാതെ മുന്നിട്ടിറങ്ങിയ കുര്യാക്കോസ് ഡോക്ടര്‍ മെഡിക്കല്‍ എത്തിക്‌സിന്റെ ഉദാത്ത മാതൃക തീര്‍ത്തതെന്നത് പറയാതെ വയ്യ. പാതിരാത്രിയിലും തീരാത്ത പ്രവൃത്തികളിലെയും നിറസാന്നിധ്യമായി നിന്നാണിതെല്ലാം ചെയ്തത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സുഹൃത്തും തൊറാസിക് വിഭാഗം മേധാവിയുമാണ് ഡോ. കുര്യാക്കോസ്.
മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജയേഷ് ഒരു ദിവസം കൊണ്ട് ഐസോലേഷന്‍ വാര്‍ഡ് ഉണ്ടാക്കുന്നതില്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ഡോക്ടറാണ്. ഡോക്ടറുടെ കീഴിലുള്ളവരെല്ലാം പിജിക്കാരെയും ഹൗസ് സര്‍ജന്‍മാരെയും കൂടെ ജോലി ചെയ്യിപ്പിച്ച് ഒരു ദിവസംകൊണ്ട് ഐസോലേഷന്‍ വാര്‍ഡുണ്ടാക്കി. നാളെ വൈകിട്ട് ആറിന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന നിപാ പോരാളികളെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്.

RELATED STORIES

Share it
Top