ആദരവ് പ്രകടിപ്പിക്കാന്‍ അവധി കൊടുക്കേണ്ടതുണ്ടോ?

നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി 2 നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റിന്റെ പരിധിയില്‍പ്പെടുന്ന പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍എസ്എസ് രംഗത്തുവന്നിരിക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഇങ്ങനെയൊരു അവധിയുണ്ടല്ലോ ഇപ്പോള്‍. ഈഴവരുടെ ആധ്യാത്മികാചാര്യന് ലഭിച്ച പരിഗണന തങ്ങളുടെ സമുദായാചാര്യനും വേണമെന്നാവാം എന്‍എസ്എസിന്റെ ആവശ്യം. ഇതൊക്കെ കണ്ട് മറ്റു സമുദായസംഘടനകളും തങ്ങളുടെ നേതാക്കന്‍മാരുടെ ജനി-മൃതി ദിവസങ്ങള്‍ അവധിയാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരില്ലെന്ന് ആരുകണ്ടു? ഇഎംഎസിന്റെയും എകെജിയുടെയും പേരില്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ക്ക് അവധി ആവശ്യപ്പെട്ടുകൂടാ? ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമുണ്ട് ഇഷ്ടംപോലെ ഉന്നതശീര്‍ഷരായ നേതാക്കള്‍. ഇവരുടെയെല്ലാം പേരില്‍ അവധിയനുവദിച്ച് ജാതിസമുദായ രാഷ്ട്രീയഭേദമില്ലാതെ സകല കൂട്ടരുടെയും അഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന നാടാവട്ടെ കേരളം.
ഇപ്പോഴത്തെ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതാണ്. സംവരണത്തില്‍ വെള്ളം ചേര്‍ത്ത് മുന്നാക്കക്കാര്‍ക്കു കൂടി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പാകത്തില്‍ സര്‍ക്കാര്‍നയങ്ങളില്‍ മാറ്റം വരുത്തുന്നത് അങ്ങനെയാണ്. മുന്നാക്ക സമുദായക്കാര്‍ക്ക് കൊടിവച്ച കാറും കാബിനറ്റ് പദവിയുമുള്ള വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉണ്ടായതും അതുപ്രകാരം തന്നെ. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും കിട്ടുന്നു ചില അപ്പക്കഷണങ്ങള്‍. ആയതിനാല്‍ നായര്‍ വോട്ടുകളില്‍ കണ്ണുവച്ച് ഇടതായാലും വലതായാലും, ഒരു അവധി ദിവസം മന്നത്തിന്റെ പേരില്‍, മുന്നണി രാഷ്ട്രീയം ഉണ്ടാക്കിവച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. പക്ഷേ, നാം ആലോചിക്കേണ്ടത് ഇത്തരം അവധിയാഘോഷങ്ങള്‍ വഴി പാഴാക്കാനുള്ളതാണോ രാജ്യത്തിന്റെ ഊര്‍ജം എന്നാണ്. ഇപ്പോള്‍ തന്നെ എത്രമാത്രം അവധി ദിവസങ്ങളാണ് വിവിധ ജാതിമത വിഭാഗങ്ങളുടെ കണക്കില്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇനിയും ഈ പ്രവണത തുടരേണ്ടതുണ്ടോ എന്ന് മന്നത്തിനോടുള്ള എല്ലാ ആദരവുകളും മനസ്സില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നാം ആലോചിക്കണം.
അവധി അനുവദിക്കുന്ന കാര്യത്തില്‍ അതീവതല്‍പരരാണ് നമ്മുടെ ഭരണസാരഥികള്‍. 'വേല നാളെ ജനത്തിനിന്നുല്‍സവവേള'യെന്നു വിളംബരം ചെയ്തുകൊണ്ടിരിക്കുകയാണ് അവര്‍ എപ്പോഴും. ആറുമാസം പ്രസവാവധിക്കൊപ്പം 15 ദിവസമോ മറ്റോ പിതൃത്വ അവധിയും നല്‍കുന്നു കേന്ദ്രസര്‍ക്കാര്‍. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരാഴ്ച മരണാവധി നല്‍കാന്‍ നീക്കമുണ്ടുപോലും ചില ബാങ്കുകളില്‍. കാഷ്വല്‍ ലീവ്, സിക്ക് ലീവ്, പ്രിവിലേജ് ലീവ് തുടങ്ങിയ അവധികള്‍ക്കു പുറമെയാണിത്. ഇവയ്‌ക്കെല്ലാം പുറമെ പലയിടത്തും സൂത്രത്തില്‍ തരമാക്കുന്ന ഒഴിവുവേളകളുമുണ്ട്. ഈ അവധിസംസ്‌കാരം മിക്ക രാജ്യങ്ങള്‍ക്കും അന്യമാണ്. ആവശ്യത്തിലധികം അവധി നല്‍കുന്ന ഈ സമ്പ്രദായം നമ്മുടെ ഭരണസംവിധാനത്തെ എത്രയധികം ദോഷകരമായി ബാധിക്കുന്നുവെന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടോ?

RELATED STORIES

Share it
Top