ആത്മീയതയുടെ ആഘോഷം

ഇന്ന്  ഈദുല്‍  ഫിത്വ്ര്‍ -  പാണക്കാട്   ഹൈദരലി   ശിഹാബ് തങ്ങള്‍
ലോകത്തിനു വെളിച്ചം വീശിയ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തില്‍ നോമ്പനുഷ്ഠിക്കാനും അതില്‍ ജീവിക്കാനും ഭാഗ്യം തന്ന സര്‍വശക്തനായ അല്ലാഹുവിനോടുള്ള കൃതജ്ഞതയാണ് ഈദുല്‍ ഫിത്വ്ര്‍. സര്‍വ ലോകത്തിനും സര്‍വ ജനത്തിനും സര്‍വ കാലത്തിനുമുള്ള മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ആത്മീയതയുടെ ആഘോഷമായ പെരുന്നാള്‍ അതിരുകവിയാനുള്ളതല്ല. ഭക്തിസാന്ദ്രമാണത്. അതോടൊപ്പം പെരുന്നാളിന്റെ ആഘോഷപ്പൊലിമയില്ലാതെ കോടിക്കണക്കിനു സഹോദരങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വേദനാനിര്‍ഭരമായി കഴിഞ്ഞുകൂടുന്നത് ഓരോ വിശ്വാസിയുടെയും ഓര്‍മയിലുണ്ടാവണം. അഭൂതപൂര്‍വമായ ഒരു രോഗം 'നിപാ' എന്ന പേരില്‍ നമ്മുടെ നാടിനെ പിടിച്ചുലച്ച് 18ഓളം സഹോദരങ്ങളുടെ ജീവന്‍ കൊണ്ടുപോയ തീവ്രദുഃഖത്തിനു പിന്നാലെയാണ് ഇപ്പോള്‍ മഴക്കെടുതികളും എത്തിയിരിക്കുന്നത്. നിരവധി പേര്‍ക്ക് സംഭവിച്ച ജീവഹാനിയും അന്തിയുറങ്ങാനുള്ള വീടും ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങളും താങ്ങാനാവാത്തതാണ്. പ്രകൃതിയില്‍ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ കൂടാതെ മനുഷ്യരുടെ ദുഷ്‌ചെയ്തികള്‍ കൊണ്ടുണ്ടാകുന്ന ഭയാനകമായ സ്ഥിതിവിശേഷവും അസ്വസ്ഥമാക്കുകയാണ്. മനുഷ്യര്‍ ഒന്നാെണന്ന സന്ദേശമാണ് ഈദുല്‍ ഫിത്വ്ര്‍ അഥവാ ചെറിയ പെരുന്നാള്‍ കൈമാറുന്നത്. അതുകൊണ്ടാണ് ഒരു മാസം വ്രതം അനുഷ്ഠിച്ചിട്ടും ആരെങ്കിലും പെരുന്നാള്‍ ദിവസം പട്ടിണി കിടക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവുന്നത് വിശ്വാസിസമൂഹത്തിന് അപകീര്‍ത്തികരവും കുറ്റകരവുമാണെന്നുകണ്ട് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. സമ്പന്നനും ദരിദ്രനും ഒരേപോലെ ഭക്ഷ്യധാന്യം ദാനം ചെയ്തുവെന്ന് ഉറപ്പാക്കിയേ പെരുന്നാളിന്റെ പ്രാര്‍ഥനയിലേക്കും ആഘോഷപ്പൊലിമയിലേക്കും പ്രവേശിക്കാവൂ എന്ന് ഇസ്‌ലാം കണിശത വച്ചത് ഈ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. നവജാത ശിശു മുതല്‍ വാര്‍ധക്യത്തിന്റെ അങ്ങേയറ്റം എത്തിയവരുടെ മേല്‍ വരെ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധ ബാധ്യതയാണ്. എല്ലാവരും എല്ലാവര്‍ക്കും ദാനം നല്‍കുന്ന പരസ്പര ആശ്രയത്വത്തിന്റെയും ആരും പട്ടിണി കിടക്കാത്ത കാലത്തിന്റെയും ക്ഷേമരാഷ്ട്ര സങ്കല്‍പമാണ് ഇസ്‌ലാം ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഒരാള്‍ മറ്റൊരാള്‍ക്ക് തുണയായും താങ്ങായും തീരുക. ''ഒരു കാരക്കയുടെ ചീന്ത് ദാനം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കരുതിയിരിക്കുക; അതിനും വകയില്ലെങ്കിലോ, ഒരു നല്ല വാക്ക് പറഞ്ഞിട്ടെങ്കിലും''എന്ന് പ്രവാചക തിരുമേനി മുഹമ്മദ് മുസ്തഫ (സ) പറഞ്ഞത് ഈ പരസ്പര സ്‌നേഹത്തിന്റെ പൊരുളാണ്. മനസ്സിലും സമൂഹത്തിലും സംതൃപ്തിയും സമാധാനവും നിലനില്‍ക്കുന്നതിനുള്ള പ്രാര്‍ഥനയായിരിക്കണം ഈദുല്‍ ഫിത്വ്ര്‍. പരസ്പര സ്‌നേഹത്തിന്റെ പെരുന്നാള്‍പ്പിറയാണിത്. നന്മയുടെ പാതയില്‍ ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ മുന്നേറുന്ന സമൂഹത്തിനു മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തിക-ഭാഷാ-ദേശവിവേചനങ്ങളുടെയും പേരില്‍ മനുഷ്യര്‍ തമ്മിലകന്നും കീഴ്‌പ്പെടുത്തിയും മുന്നേറുന്ന ഇക്കാലത്ത് സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് സമാധാനത്തിനുള്ള പോംവഴി. വിശുദ്ധ റമദാന്‍ ഈ ആത്മപരിശോധനയുടെയും പരീക്ഷണത്തിന്റെയും ഘട്ടമായിരുന്നു. അതില്‍ എത്രകണ്ട് വിജയിച്ചുവെന്നറിയാന്‍ പെരുന്നാള്‍ ദിനത്തിലെ സമീപനങ്ങള്‍ മതിയാകും. അല്ലാഹുവുമായും സമസൃഷ്ടികളുമായും എത്ര അടുത്തുവെന്ന്, മനുഷ്യവ്യക്തിത്വത്തിലും സ്വഭാവത്തിലും എത്രമാത്രം നന്മകള്‍ നിറഞ്ഞിരിക്കുന്നുവെന്ന്, ജീവിതത്തില്‍ വന്ന മൂല്യവത്തായ മാറ്റങ്ങള്‍ എവ്വിധമെന്ന് ഈദുല്‍ ഫിത്വ്ര്‍ ദിനം ബോധ്യപ്പെടുത്തും. അതിരറ്റ ദൈവചിന്തയും തിന്മയിലേക്ക് അടുക്കാത്ത ആത്മനിയന്ത്രണവും സഹജീവി സ്‌നേഹവും കൈയയച്ച് ദാനധര്‍മാദികള്‍ക്ക് സന്നദ്ധമാവുന്ന ദുര്‍ബലരോടുള്ള കാരുണ്യവും മിതവ്യയവും അപരനു ദ്രോഹമാകാത്ത ജീവിതവും സമാധാനവും ശാന്തിയും കൈവരുത്തുന്നതിനുള്ള പരിശീലനങ്ങളും റമദാന്‍ വ്രതം വിശ്വാസിക്ക് നല്‍കിയിട്ടുണ്ട്. അതിലൊന്നുപോലും ഭംഗം വരാതെ സൂക്ഷിക്കാനുള്ള പതിവുജീവിതത്തിന്റെ തുടക്കമാണ് ഈദുല്‍ ഫിത്വ്ര്‍ ദിനം. ഒരു മാസം നീണ്ടുനിന്ന കഠിന വ്രതത്തിന്റെ പരിസമാപ്തിയായ സുദിനമാണ് ഈദുല്‍ ഫിത്വ്ര്‍. ബഹുമുഖമായ ജീവിതതിരക്കുകളിലൂടെ നന്മതിന്മകള്‍ കലര്‍ന്ന ജീവിതയാത്രയിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും സ്വഭാവത്തെയും ഒരു മൂശയിലിട്ട് പരിവര്‍ത്തിപ്പിച്ച് കുറ്റമറ്റതും സംശുദ്ധവുമായ വ്യക്തിത്വമാക്കിത്തീര്‍ത്ത സംസ്‌കരണ കാലമായിരുന്നു റമദാന്‍ മാസം. ആത്മസംസ്‌കരണത്തേക്കാള്‍ വലിയ പരിവര്‍ത്തനമില്ല. അത് മനുഷ്യനെ സമ്പൂര്‍ണമായി മാറ്റുകയാണ്. മനസ്സറിഞ്ഞ് നോമ്പ് അനുഷ്ഠിച്ച വിശ്വാസിയില്‍ ഇതു പ്രകടമാവുക തന്നെ ചെയ്യും. കാരണം നോമ്പ് അല്ലാഹുവിനുള്ളതാണ്. അതിനു പ്രതിഫലം നിശ്ചയിക്കുന്ന പ്രപഞ്ച സ്രഷ്ടാവ് മനുഷ്യന്റെ ഹൃദയത്തിലേക്കാണ്, മനസ്സിലേക്കാണ് നോക്കുന്നത്. അടിസ്ഥാന മാറ്റം അവിടെയാണ്. അതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുകയും ചെയ്യും.അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചും ദരിദ്രന്റെ വിഷമങ്ങള്‍ അകറ്റിയും സമൂഹത്തിലെ ഒരു വിവേചനത്തിനും വഴിപ്പെടാതെ ചുമലൊത്തുനിന്ന് ഒരേ ഇമാമിനു കീഴില്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചും പകല്‍ച്ചൂടിന്റെ ദാഹമറിഞ്ഞും വിശപ്പിന്റെ വിലയറിഞ്ഞും ദേഹേച്ഛകളെ- മനസ്സിന്റെ പ്രചോദനങ്ങളെ- നിയന്ത്രിച്ചും രാപകല്‍ ഉറക്കം വെടിഞ്ഞ് അചഞ്ചലമായ ദൈവിക വിശ്വാസത്തോടെ ആരാധനാനിരതമായും കടന്നുപോയ ആ റമദാന്‍ തന്നെയാണ് മുസ്‌ലിമിന്റെ ഭാവിയുടെ ജീവിതപാഠവും. അതിലൂടെ സഞ്ചരിച്ചാല്‍ പിഴവ് പറ്റാതെ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാം. ദൈവിക മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ച് തിന്മകളിലൂടെ സഞ്ചരിക്കുന്നപക്ഷം ആപത്തുകള്‍ വന്നുഭവിക്കുമെന്ന മുന്നറിയിപ്പ് നാം വിസ്മരിച്ചുകൂടാ. അതോടെ പ്രകൃതിയിലെ ഓരോ സംഭവവികാസവും പരീക്ഷണങ്ങളായി കണ്ട് മനസ്സ് ദൈവിക വിശ്വാസത്തില്‍ ബലപ്പെടുത്താനും ഏതു പ്രക്ഷുബ്ധ രംഗത്തെയും ആത്മസംയമനത്തോടെ അഭിമുഖീകരിക്കാനും സാധിക്കണം. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു മുന്നോട്ടുപോകുമ്പോള്‍ ഭൗതിക വ്യാമോഹങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കില്ലെന്നും അധികാരത്തിന്റെയും സമ്പത്തിന്റെയും മത-ജാതി-വര്‍ണ-ദേശവിവേചനങ്ങളുടെയും പേരില്‍ കിടമല്‍സരങ്ങള്‍ക്ക് നാം വശംവദരാവില്ലെന്നും ഉറപ്പാണ്. നന്മതിന്മകളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്നത് വിശ്വാസത്തിന്റെ കാതലാണ്. ആ തിന്മകളെ അതിജയിക്കാനുള്ള മാര്‍ഗങ്ങളാണ് റമദാന്‍ വ്രതത്തിലൂടെയും മറ്റ് ആരാധനാ കര്‍മങ്ങളിലൂടെയും വിശ്വാസദാര്‍ഢ്യത്തിലൂടെയും അല്ലാഹു കാണിച്ചുതന്നിട്ടുള്ളത്. അതാണ് സത്യവിശ്വാസത്തിന്റെ പാത. 'നന്മ കല്‍പിക്കുക; തിന്മ വെടിയുക' എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സന്ദേശം. വിശ്വാസത്തിന്റെ പേരില്‍ നിരവധി സഹോദരങ്ങള്‍ നമ്മുടെ രാജ്യത്ത് സമീപകാലത്തായി വര്‍ഗീയ ശക്തികളാല്‍ വധിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയാകുന്നു. ഭരണകൂടത്തിന്റെയും പോലിസിന്റെയുമെല്ലാം പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള അതിക്രമങ്ങള്‍ പെരുകുന്നു. ലഹരി വ്യാപിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാകുന്നു. മലയാള നാടിന്റെ സമ്പദ്ഘടനയ്ക്ക് കരുത്തായി നിന്ന പ്രവാസി മലയാളികളില്‍ വലിയൊരു പങ്ക് തൊഴില്‍-വ്യാപാരനഷ്ടത്തിന്റെ പ്രതിസന്ധിയിലാണ്. ഫലസ്തീനിലും സിറിയയിലും മറ്റു ദേശങ്ങളിലുമെല്ലാം സൈനിക ശക്തികളാല്‍ തകര്‍ത്തെറിയപ്പെടുകയും പിറന്ന മണ്ണു തന്നെ അന്യമായിത്തീരുകയും ചെയ്യുന്ന ദുരന്തമുഖത്താണ് ജനലക്ഷങ്ങള്‍. വിശ്വാസസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നവരും റോഹിന്‍ഗ്യന്‍ ജനതയെപ്പോലെ അഭയാര്‍ഥി ക്യാംപുകളില്‍ വേദന തിന്നുന്നവരും ഉത്തരേന്ത്യന്‍ ഗല്ലികളില്‍ പട്ടിണി കിടക്കുന്നവരും തെരുവില്‍ അന്തിയുറങ്ങുന്നവരുമായ പരലക്ഷം സഹോദരങ്ങള്‍ നമുക്കുണ്ടെന്നത് ഈ ആഘോഷദിനത്തില്‍ ഓര്‍മിക്കണം. അവര്‍ക്കായി പ്രാര്‍ഥനയും കാരുണ്യഹസ്തവും നല്‍കാനും ഭൂമിയില്‍ കഷ്ടത അനുഭവിക്കുന്ന സര്‍വ മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഈദുല്‍ ഫിത്വ്ര്‍ ദിനം തയ്യാറാവുക. മനുഷ്യരെല്ലാം ഒന്നാണെന്ന മന്ത്രവുമായി മുന്നോട്ടുപോവുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.                  ി

RELATED STORIES

Share it
Top