സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി

പുനലൂര്‍: എഐവൈഎഫ് പ്രവര്‍ത്തകരുടെ കൊടിനാട്ടല്‍ സമരത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഇളമ്പലില്‍ സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി. അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ് തുടങ്ങാന്‍ പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കി.ഉടന്‍തന്നെ ലൈസന്‍സ് കൈമാറുമെന്നാണ് വിവരം.സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്തിനെ സമീപിച്ച സുഗതന്റെ കുടുംബത്തിന്റെ ആവശ്യം പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അനുകൂല തീരുമാനം സ്വീകരിക്കുകയുമായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് സുഗതന്‍ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ചത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയതോടെ വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണം നിന്നതില്‍ മനംനൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top