ആത്മഹത്യാ ഭീഷണിയുമായി നിന്ന യുവാവിനെ ഫയര്‍ഫോഴ്‌സ് തന്ത്രപൂര്‍വം കീഴ്‌പ്പെടുത്തി

വെഞ്ഞാറമൂട്: അച്ഛനെ സ്ഥലത്തെത്തിക്കാന്‍ സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ഒരു പ്രദേശത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത യുവാവിനെ ഫയര്‍ഫോഴ്സ് തന്ത്രപൂര്‍വം കീഴ്‌പ്പെടുത്തി. കല്ലറ കുറ്റിമൂട് വാവുപ്പാറ തടത്തരികത്ത് വീട്ടില്‍ രാജു(38)ആണ് അടച്ചിട്ട കട മുറിക്കുള്ളില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും പാചക വാതക സിലിണ്ടര്‍ തുറന്നുവക്കുകയും ചെയ്ത ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ദിവസം രാത്രി 9.30ന് ആയിരുന്നു സംഭവം. ഇയാളുടെ വീടിനു സമീപമുള്ള  വെളിയില്‍ നിന്നും പൂട്ടിയിട്ടിരുന്ന കടമുറികളിലൊന്നിന്റെ എയര്‍ ഹോളിന്റെ ഭാഗത്തു നിന്നും രണ്ടു കല്ലുകള്‍ ഇളക്കി മാറ്റുകയും അതിലൂടെ അകത്ത് കടന്ന ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വക്കുകയും ചെയ്ത ശേഷം വെഞ്ഞാറമൂട് അഗ്‌നിശമന സേനക്കു ഫോണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേന എത്തിയെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍  യുവാവ് ആത്മഹത്യാ ഭീഷണിക്കൊപ്പം തന്റെ അച്ഛനെ എത്രയും വേഗം സ്ഥലത്തെത്തിക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചു.
ഇതോടെ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍  കിളിമാനൂര്‍ പോലിസില്‍ വിവരമറിയിക്കുകയും കെഎസ്ഇബിയുമായി  ബന്ധപ്പെട്ട് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അടുത്ത വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
കൂടാതെ കടയ്ക്കലായിരുന്ന ഇയാളുടെ അച്ഛനെ സ്ഥലത്തെത്തിച്ച് ഫയര്‍ഫോഴ്—സിനു കടയുടെ താക്കോല്‍ കൈമാറി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് കട തുറക്കുകയും ഷട്ടര്‍ ഉയര്‍ത്തി ഞൊടിയിടക്കുള്ളില്‍  വെള്ളം ചീറ്റുകയും ചെയ്ത ശേഷം യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ രോഷാകുലരായ നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞുവെങ്കിലും പോലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തടസ്സപ്പെടുത്തിയതിനാല്‍ യുവാവ് തടി കേടാവാതെ രക്ഷപ്പെട്ടു.

RELATED STORIES

Share it
Top