ആത്മവിശുദ്ധിയില്‍ നാടെങ്ങും ഈദുല്‍ഫിത്വ്ര്‍ കൊണ്ടാടി

കാസര്‍കോട്: ഒരു മാസത്തെ വ്രതാനുഷ്ഠത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയുടെ പരിസമാപ്തിയുമായി മുസ്്‌ലിങ്ങള്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‌ക്കാരങ്ങളില്‍ ആബാലവൃദ്ധം വിശ്വാസികളും സംബന്ധിച്ചു. ഫിത്വ്ര്‍ സക്കാത്ത് വിതരണത്തിനു ശേഷം പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നിസ്‌ക്കാരത്തില്‍ അണിനിരന്നു. പള്ളി ഇമാമുമാര്‍ നടത്തിയ ഖുതുബ പ്രഭാഷണങ്ങളില്‍ റമദാനില്‍ കൈവരിച്ച ആത്മവിശുദ്ധി ജീവിതത്തില്‍ പകര്‍ത്താനും അശരണര്‍ക്കും ആലംബഹീനര്‍ക്കും തണലേകാനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനും ആഹ്വാനം ചെയ്തു. നമസ്‌ക്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഈദ് ആശംസകള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കി. തുടര്‍ന്ന് കുടുംബാംഗങ്ങളെയും ബന്ധുക്കളയും സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. മഴ മാറിയതിനാല്‍ പെരുന്നാള്‍ ആഘോഷത്തിന് പൊലിമ കൂട്ടി. കേരളത്തില്‍ നടന്ന പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ ജി എസ് അബ്ദുര്‍റഹ്്മാന്‍ മദനി, ടൗണ്‍ ഹസനത്തുല്‍ജാരിയ മസ്ജിദില്‍ അത്തീഖ് റഹ്്മാന്‍ ഫൈസി, ടൗണ്‍ സലഫി ജുമാമസ്ജിദില്‍ മുഹമ്മദലി സഖാഫി, ബോവിക്കാനം മുഹ്‌യുദ്ദീന്‍ ജുമാമസ്ദില്‍ ഇ പി ഹംസത്തുസഅദി, തൃക്കരിപ്പൂര്‍ മസ്ജിദുത്തതഖ്‌വയില്‍ മുഹ്‌സിന്‍ ഇരിക്കൂര്‍ തുടങ്ങിയവര്‍ ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top