ആതുരാലയ പരിസരത്ത് നാട്ടുകാര്‍ക്കും രക്ഷയില്ല

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: മഞ്ചേരി: ജില്ലയുടെ ചിരകാലാവശ്യമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ യാഥാര്‍ഥ്യമാവുമ്പോള്‍ നിനച്ചിരിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളും ഏറ്റുവാങ്ങേണ്ട ഗതികേടാണ് പരിസരവാസികള്‍ക്ക്. ചികില്‍സയ്ക്കു പകരം മാലിന്യമെന്നതാണ് മെഡിക്കല്‍ കോളജിന്റെ മാലിന്യ നയമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ആതുരാലയത്തിലെ രാസമാലിന്യങ്ങളടക്കം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനങ്ങള്‍ വാക്കില്‍ മാത്രമാണ്. ഓപറേഷന്‍ തീയേറ്ററുകളില്‍ നിന്നടക്കമുള്ള മാലിന്യം നേരിട്ട് ഏറ്റെടുക്കേണ്ട ഗതികേടിലാണ് നഗരം. പ്രവര്‍ത്തനാംഗീകാരത്തിന് വിവിധ ഘട്ടങ്ങളിലായി പ്രതിസന്ധി നേരിടുകയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ഇപ്പോഴും ഉറപ്പാവാതിരിക്കുകയും ചെയ്യുന്ന മഞ്ചേരി മെഡിക്കല്‍ കോളജ് നിലനിര്‍ത്താന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കുമ്പോള്‍ ആതുരാലയത്തിന്റെ യഥാര്‍ഥ മുഖം ദാരുണമാണ്. ശസ്ത്രക്രിയ വിഭാഗത്തില്‍ നിന്നുള്ള രക്തവും രാസവസ്തുക്കളുമടക്കമുള്ള മാലിന്യം നേരിട്ട് സമീപത്തെ അഴുക്കുചാലിലേക്ക് തള്ളുന്ന സ്ഥിതിയാണ്. ബഹുനില കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി ആതുരാലയ പരിസരത്തെ തുറന്ന ഓടകളിലേക്കാണ് തള്ളുന്നത്. ഇത് അത്യാഹിത വിഭാഗത്തിനു മുന്നിലെ നിരത്തുവക്കിലെ ഓടയിലെത്തുന്നു.
ആശുപത്രി മാലിന്യവും മഴവെള്ളവും ചേര്‍ന്ന് ഓടയിലൂടെ ഒഴുകിയെത്തുന്നത് നഗരസഭയിലെ 33ാം വാര്‍ഡിലുള്‍പെട്ട വലിയട്ടിപ്പറമ്പിലാണ്. ഓടകളിലേക്ക് പുറംതള്ളപ്പെടുന്ന നഗരത്തിലെ മലിനജലം പരന്നൊഴുകി വലിയട്ടിപ്പറമ്പിലെ രണ്ടു കോളനികളിലേതടക്കം നിരവധി കുടുംബങ്ങളുടെ ശുദ്ധജല സ്രോതസുകള്‍ മലിനമാണ്.
വലിയട്ടിപ്പറമ്പ് ഹരിജന്‍ കോളനി, അയനിക്കുത്ത് കോളനി നിവാസികളും സമീപത്തു താമസിക്കുന്നവരും അശാസ്ത്രീയ മാലിന്യ നയത്തിന്റെ ഇരകളാണ്. അടുത്ത കാലത്തൊന്നും വറ്റിയതായി കേട്ടു കേള്‍വി പോലുമില്ലാത്ത പ്രദേശത്തെ ക്ഷേത്ര കുളവും മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. മെഡിക്കല്‍ കോളജ്, സമീപത്തെ സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍, വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മലിന ജലം ശുദ്ധീകരണ പ്രക്രിയകളില്ലാതെ നേരിട്ട് ഓടകളിലേക്കാണ് പുറംതള്ളുന്നത്.
നഗര മാലിന്യം വഹിക്കുന്ന പ്രധാന ഓട കോര്‍ട്ട് റോഡില്‍ നിന്നും വലിയട്ടിപ്പറമ്പിലെത്തിച്ച് പാടശേഖരത്തിലേക്ക് തുറന്നുവിട്ടിരിക്കുകയാണ്. വിഷാംശമുള്ളതടക്കമുള്ള മാലിന്യങ്ങള്‍ കൂടിക്കലര്‍ന്ന് വയലില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ആഴ്ചകള്‍ക്കുമുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയട്ടിപ്പറമ്പ് പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. തുടര്‍ന്നു ബാധിച്ച പനിയെ തുടര്‍ന്ന് അയനിക്കുത്ത് കോളനിയില്‍ വീട്ടമ്മ മരിച്ചതും വിവാദമായി. വേനലെന്നോ വര്‍ഷമെന്നോ വ്യത്യാസമില്ലാതെ മലിനജലം കിനിഞ്ഞിറങ്ങി പ്രദേശത്തെ ഒരു കിണറിലേയും വെള്ളം ഉപയോഗിക്കാനാവുന്നില്ല. കിണറുകളില്‍ നിന്നു ലഭിക്കുന്ന ജലത്തിന് നിറമാറ്റവും രുചി വ്യത്യാസും അനുഭവപ്പെടുന്നതായി കോളനിവാസികള്‍ പറയുന്നു. ജലവിഭവ വകുപ്പിന്റെ കുടിവെള്ള വിതരണവും പേരിലൊതുങ്ങിയതോടെ പ്രാധമികാവശ്യങ്ങള്‍ക്കുള്ള ശുദ്ധജലം പോലും ലഭിക്കാതെ വലയുകയാണ് തദ്ദേശീയര്‍. പ്രാകൃതമായ മാലിന്യ നയം ജനങ്ങളെ പൊറുതിമുട്ടിക്കുമ്പോഴും മെഡിക്കല്‍ കോളജ് നിലനിര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍. ഇക്കാര്യത്തിലുള്ള അധികൃത അനാസ്ഥ കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജനകീയ പ്രതിഷേധത്തിലൂടെ ജീവിക്കാനുള്ള അവകാശ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി, പട്ടികജാതി ക്ഷേമ മന്ത്രി, എംഎല്‍എ, ജില്ലാ കലക്ടര്‍, നഗരസഭ, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ ഒപ്പുവച്ച ഭീമ ഹരജി സമര്‍പ്പിച്ചെങ്കിലും പരിഹാരമായിട്ടില്ല.
തുറന്നു കിടക്കുന്ന മാലിന്യ വാഹിനികളായ ഓടകള്‍ പ്രധാന രോഗ പ്രഭവ കേന്ദ്രങ്ങളാണ്. ആതുരാലയത്തിലെ കൊതുകു സാന്ദ്രത വര്‍ധിക്കുന്നതിനും കാരണം മറ്റൊന്നല്ല. ഇക്കാര്യത്തില്‍ പരാതികള്‍ ശക്തമെങ്കിലും സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും മഞ്ചേരി നഗരസഭയും വ്യക്തമായ നിലപാടും നടപടിയും സ്വീകരിച്ചിട്ടില്ല. സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് രോഗം വിതയ്ക്കുന്ന ആതുരാലയമാവുന്നത് സ്വകാര്യ ചികില്‍സ കേന്ദ്രങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപം വിവിധ സംഘടനകള്‍ ആക്ഷേപമുന്നയിക്കുന്നതിലേക്കാണ് യഥാര്‍ഥ മുഖം വിരല്‍ ചൂണ്ടുന്നത്.

RELATED STORIES

Share it
Top