ആതുരാലയ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രി പേരില്‍ ജില്ല; സൗകര്യത്തില്‍ താലൂക്ക്

നഹാസ്   എം   നിസ്താര്‍      
പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാര്‍ ആതുരാലയ നഗരമായി പ്രഖ്യാപിച്ച പെരിന്തല്‍മണ്ണയില്‍ സാധാരണക്കാര്‍ക്ക് താങ്ങും തണലുമാവേണ്ട സര്‍ക്കാര്‍ ആശുപത്രി പേരില്‍ ജില്ലാ ആശുപത്രിയും സൗകര്യത്തില്‍ താലൂക്ക് ആശുപത്രിയുമാണ്. ഒരു മെഡിക്കല്‍ കോളജും നാല് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമുള്ള നഗരത്തില്‍ സാധാരണക്കാര്‍ക്ക് ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കേണ്ട ജില്ലാ ആശുപത്രി ഇന്നും 1961 ലെ സ്റ്റാഫ് പാറ്റേണിലാണ് പ്രവര്‍ത്തിക്കുന്നത്. ദിനേന 2500 ലധികം രോഗികളെത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ലാത്തത് രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നിഷേധത്തിനിടയാക്കാറുണ്ട്. ദിനംപ്രതി ചികില്‍സ തേടിയെത്തുന്ന രോഗികള്‍ ആശുപത്രിയില്‍ ഉള്‍കൊള്ളാവുന്നതിനുമപ്പുറമാണ്. നൂറ് കിടക്കകള്‍ ഇടാന്‍ സൗകര്യമുള്ളിടത്ത് 300 പേരാണ് കിടക്കുന്നത്. പല കിടക്കയിലും രണ്ടു പേരാണ്. തറയിലും വരാന്തയിലും ആശുപത്രി കോംപൗണ്ടിലെ വിശ്രമകേന്ദ്രത്തിലും വരെ രോഗികളെ കിടത്തുന്നു.
നേരത്തെ താലുക്ക് ആശുപത്രിയായിരുന്ന ഇവിടെ 171 കിടക്ക വേണ്ടിടത്ത് 100 എണ്ണം മാത്രമാണുണ്ടായിരുന്നത്. പിന്നീട് ജില്ലാ ആശുപത്രിയായപ്പോള്‍ 250 കിടക്കകളും അതിനനുസരിച്ച് ജീവനക്കാരും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൗകര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ മാത്രം വര്‍ധനവുണ്ടായി. നിലവില്‍ 32 ഓളം ഡോക്ടര്‍മാരും 120 സ്ഥിര ജീവനക്കാരുമാണിവിടെയുള്ളത്. മറ്റു ജോലികള്‍ക്കെല്ലാം താല്‍കാലിക ജീവനക്കാരായ 68 പേരെയാണ് ആശ്രയിക്കുന്നത്. ഫിസിഷന്‍, ഗൈനക്ക്, കുട്ടികളുടെ വിഭാഗം കണ്ണ്, പല്ല്, ഇഎന്‍ടി, എല്ല്, അനസ്‌തേസ്യ, ശ്വാസകോശം, ത്വക്ക് രോഗം തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമരുന്നും ലഭ്യമാണെങ്കിലും ജീവനക്കാരുടെ കുറവും സ്ഥലപരിമിതികളും രോഗികള്‍ക്ക് തുടര്‍ ചികില്‍സയ്്്ക്ക് അവസരം നഷ്ടപ്പെടുത്തുകയാണ്. നിലവിലുള്ള കെട്ടിടങ്ങള്‍ പലതും ശോച്യാവസ്ഥയിലാണ്. ജില്ലയിലെ ഏറ്റവും നല്ല രക്ത ബാങ്ക് പ്രവര്‍ത്തിക്കുന്നത് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലാണ്. ഇത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡുമുള്ളത്. എന്നാല്‍, അവിടെത്തെ ശുചിമുറിയുടെ പെപ്പ്് പൊട്ടി മലിനജലം പുറത്തേയ്‌ക്കൊഴുകല്‍ തുടരുകയാണ്.
രോഗിയോടൊപ്പം വരുന്നവര്‍ക്ക് മലമൂത്ര വിസര്‍ജനത്തിന് വിവിധ വാര്‍ഡുകളിലെ ശുചിമുറികളൈ ആശ്രയിക്കേണ്ട ഗതികേടാണ്. കംഫര്‍ട്ട് സ്റ്റേഷന്‍ സംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. മാലിന്യ നിര്‍മാര്‍ജനത്തില്‍ സ്വയം പര്യാപ്തമാവാത്ത ആശുപത്രിയില്‍ ബയോ മെഡിക്കല്‍ മാലിന്യം പാലക്കാട് ഐഎംഎ പ്ലാന്റിലേയ്ക്ക് കൊണ്ടുപോവുന്നുണ്ടെങ്കിലും കക്കൂസ്, മലിനജലം എന്നിവ പ്രത്യേകം പദ്ധതി ഇല്ലാത്തതിനാല്‍ പുറമേയ്‌ക്കൊഴുക്കാറാണ് പതിവ്. ഇത് ആശുപത്രിയില്‍ രോഗഭീതി പടര്‍ത്തുന്നുണ്ട്. ആശുപത്രിയിലേയ്്ക്കാവശ്യമായ ജലലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞ 10വര്‍ഷം മുമ്പ് സ്ഥാപിച്ച ജലസംഭരണി പ്രവര്‍ത്തനസജ്ജമല്ലാതെ നോക്കുകുത്തിയാണ്. ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിരവധി സാധ്യതകള്‍ ചര്‍ച്ചയാവുന്ന ഇക്കാലത്ത് നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗ്യമാക്കാനുള്ള നിപുണതയുടെ കുറവില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് പല സേവനങ്ങളും താലൂക്ക് ആശുപത്രിക്ക് സമാനമായേ നല്‍കാനാവുന്നുള്ളൂ.

RELATED STORIES

Share it
Top