ആതുരാലയങ്ങളിലെ ഫാര്‍മസിസ്റ്റുകള്‍ ജോലിഭാരംകൊണ്ടു തളരുന്നു

പി പി മൊയ്തീന്‍ കോയ

കുറ്റിക്കാട്ടൂര്‍: ‘സര്‍ക്കാര്‍ ജോലി കിട്ടിയിട്ടു വേണം വിശ്രമിക്കാന്‍’ എന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള പഴയ ഫലിതം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം നടത്തുന്ന ഫാര്‍മസിസ്റ്റുകള്‍ ജോലി ഭാരംകൊണ്ട് തളരുന്നു. രോഗികള്‍ക്ക് മരുന്ന് വിതരണം നടത്തുന്നതിനു പുറമെ നൂറുകണക്കിന് മരുന്നുകളുടെയും ആശുപത്രി ഉപകരണങ്ങള്‍ അടക്കമുള്ളവയുടെയും കണക്കുകള്‍ സൂക്ഷിക്കുന്നതും പല സ്ഥലത്തും ഫാര്‍മസിസ്റ്റുകളാണ്. മരുന്ന് നല്‍കുന്നതിനു പുറമെ മരുന്നുകളുടെ വാര്‍ഷിക ഇന്‍ഡന്റ് തയ്യാറാക്കല്‍, ഓണ്‍ലൈന്‍ ആയി കണക്കുകള്‍ ദിവസവും രേഖപ്പെടുത്തല്‍, 15 ല്‍പരം രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍, വിവിധ റിപോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ആശുപത്രികളിലെ വാര്‍ഡുകള്‍, ലാബ്, എക്‌സ്‌റെ, ഫാര്‍മസി, കുടുംബ ക്ഷേമം തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ആവശ്യമായ മരുന്നുകളുടെയും കണക്കുകള്‍ സൂക്ഷിക്കുന്നതും ഫാര്‍മസിസ്റ്റുകളാണ്. സിംഹഭാഗം ആതുരാലയങ്ങൡലും ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുള്ളത്. ഡ്രഗ് സ്റ്റോര്‍ ചുമതല നോക്കുന്ന സ്‌റ്റോര്‍ സൂപ്രണ്ട് തസ്തിക കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ മാത്രമാണുള്ളത്.
രജിസ്റ്ററുകളും ഫയലുകളും കൃത്യമല്ലെങ്കില്‍ സാമ്പത്തിക ബാധ്യതയും അച്ചടക്ക നടപടിയും നേരിടേണ്ടിവരുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനു കാരണമാകുന്നതായി ജൂനിയര്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മെഡിക്കല്‍ കോളജ്, ഐഎംസിഎച്ച് എന്നിവിടങ്ങളില്‍ ആകെയുള്ള 40 തസ്തികകളില്‍ 18 ഉം രണ്ടു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുകയാണ്. പിഎസ്്‌സി ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല.
കടുത്ത അസുഖത്തിനു പോലും ലീവ് അനുവദിക്കാത്തതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി പീഡിപ്പിച്ച അനുഭവവും പലര്‍ക്കുമുണ്ട്. മലപ്പുറം ചുങ്കത്തറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് നാസര്‍ ഇതേ കാരണത്താലായിരുന്നു മാസങ്ങള്‍ക്കു മുമ്പ് ജീവനൊടുക്കിയത്. നാസറിന്റെ ആത്മഹത്യയെപ്പറ്റി സമഗ്രാന്വേഷണം വേണമെന്നും 150ല്‍ കൂടുതല്‍ ഒപി യുള്ള സ്ഥാപനങ്ങൡ രണ്ടു ഫാര്‍മസിസ്റ്റുകളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പല നിവേദനങ്ങളും നല്‍കിയതായി കേരളാ ഗവണ്‍മെന്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top