ആതിരപ്പിള്ളി : സംവാദങ്ങളും ചര്‍ച്ചകളും ഇനിയുമുണ്ടാവണം- എം എം മണികണ്ണൂര്‍: വിവാദം ഇന്ന് ഒരു വച്ചുകെട്ടായി മാറിയിരിക്കുന്നുവെന്നും എല്‍ഡിഎഫില്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ കാര്യത്തില്‍ വീണ്ടും സംവാദവും ചര്‍ച്ചയുമുണ്ടാവണമെന്നും മന്ത്രി എം എം മണി പറഞ്ഞു. കണ്ണൂര്‍ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതിരപ്പിള്ളി പ്രകൃത്യായുണ്ടായ വെള്ളച്ചാട്ടമല്ല, മറിച്ച് ജനങ്ങളുണ്ടാക്കിയെടുത്തതാണ്. എന്നാല്‍ പരിസ്ഥിതി വാദികള്‍ ഇതൊന്നുമറിയാതെയാണ് സമരം നടത്തുന്നതും വിവാദമുണ്ടാക്കുന്നതും. സംസ്ഥാനത്ത് നിലവില്‍ ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിക്കുന്നു. കായംകുളം, ബ്രഹ്മപുരം പദ്ധതികളില്‍ നിന്നും ഒരു യൂനിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിക്കുന്നില്ല. 299 കോടി രൂപ പ്രതിവര്‍ഷം കേന്ദ്രത്തിന് ഇതിന്റെ പേരില്‍ അടയ്ക്കുന്നു. ഇവിടെനിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില താങ്ങാനാവാത്തതാണ്. അതേസമയം ഗ്യാസ് ഉപയോഗിച്ച് ഇവിടെ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റുമോ എന്ന് ആലോചിച്ചുവരികയാണ്. സോളാര്‍ മാര്‍ഗം അത്രകണ്ട് ഫലപ്രദമല്ല. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ നാലേക്കറില്‍ സോളാര്‍ പാനല്‍ വേണം. കാലാവസ്ഥയ്ക്ക് അനുസരിച്ച് വൈദ്യുതിയുടെ ഗതിയും മാറുമെന്നും മന്ത്രി മണി പറഞ്ഞു.

RELATED STORIES

Share it
Top