ആതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം: അടിസ്ഥാന സൗകര്യങ്ങളായില്ല

ചാലക്കുടി: വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ കൂലി വര്‍ധനവും സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലും പൂര്‍ത്തിയാക്കിയതിന് ശേഷമേ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലെ ടിക്കറ്റ് വിലവര്‍ധനവ് നടപ്പിലാക്കേണ്ടതുള്ളൂവെന്ന് തീരുമാനം.
ബി ഡി ദേവസ്സി എംഎല്‍എ വിളിച്ച് ചേര്‍ത്ത വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഈ തീരുമാനം. കൂലിവര്‍ധനവ് സംബന്ധിച്ച് സമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് എംഎല്‍എ ബന്ധപ്പെട്ടവരുടെ യോഗം ചാലക്കുടി റസ്റ്റ് ഹൗസില്‍ വിളിച്ചത്. കൂലി വര്‍ധനവ്, ഇന്‍ഷുറന്‍സ്-ഇഎസ്‌ഐ പരിരക്ഷ, ആംബുലന്‍സ് സൗകര്യം, കുടിവെള്ള വിതരണ സംവിധാനം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ ഉടന്‍ ഒരുക്കണമെന്ന് സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇതില്‍ ഇന്‍ഷുറന്‍സ്-ഇഎ—സ്‌ഐ പരിരക്ഷയും ആംബുലന്‍സ് സൗകര്യവും ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനമായി. ഇതിന് പുറമെ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി റോഡിനിരുവശത്തും ഇന്റര്‍ ലോക്ക് കട്ടവരിക്കാനും, ആവശ്യമുള്ളിടത്ത് സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കാനും കൈവരികള്‍ സ്ഥാപിക്കാനും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ക്കായി പ്രത്യേക ബ്ലോക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കൂലി വര്‍ധനവ് സംബന്ധിച്ച കാര്യങ്ങള്‍ക്കുള്ള അനുമതിക്കായി സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
നിലവില്‍ 350 രൂപയാണ് പ്രതിദിന കൂലി. ഇത് 600 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സമിതി പ്രവര്‍ത്തകരുടെ ആവശ്യം. അതിരപ്പിള്ളി-വാഴച്ചാല്‍ മേഖലകളിലായി ഇരുന്നൂറ്റിയമ്പതോളം പേരാണ് ജോലിനോക്കുന്നത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, വാഴച്ചാല്‍ ഡിഎഫ്ഒ എന്‍ രാജേഷ്, ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top