ആണവ നിരായുധീകരണം യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് ഉ. കൊറിയ

പ്യോങ്‌യാങ്: രാജ്യത്ത് ആണവനിരായുധീകരണം നടപ്പാക്കാനെടുത്ത തീരുമാനം യുഎസിന്റെ ആജ്ഞയാലോ സമ്മര്‍ദത്താലോ അല്ലെന്ന് ഉത്തര കൊറിയ.
ദക്ഷിണ കൊറിയയുമായി ചര്‍ച്ച നടത്താനും ആണവ നിരായുധീകരണത്തിനും മിസൈല്‍ നിര്‍മാണം നിര്‍ത്തി വയ്ക്കാനുമുള്ള തീരുമാനം പൊതുഅഭിപ്രായങ്ങളുടെ പിന്‍ബലത്തിലെടുത്തതാണ്. തങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനമെന്ന്  യുഎസ് പ്രഖ്യാപനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
കഴിഞ്ഞമാസം 27ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ ഭരണാധികാരി മൂണ്‍ ജായ് ഇന്നും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പരിപൂര്‍ണ ആണവ നിരായുധീകരണത്തിനുള്ള തീരുമാനമുണ്ടായത്. എന്നാല്‍, ഇതിനുള്ള നടപടികള്‍ എന്നു തുടങ്ങുമെന്നുള്ള കാര്യങ്ങളൊന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ ഔദ്യോഗിക നാമം ഡെമോക്രാറ്റിക് പ്യൂപിള്‍സ് റിപബ്ലിക് ഓഫ് കൊറിയ(ഡിപിആര്‍കെ) എന്നാക്കി മാറ്റാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രാലയ വക്താവ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു കൊറിയയുമായും ചര്‍ച്ച നടത്താനിരിക്കെയാണ് ഉത്തര കൊറിയയുടെ പുതിയ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ദക്ഷിണ കൊറിയയുമായി ഈ മാസം 22നും ഉത്തര കൊറിയയുമായി അടുത്തമാസവും ട്രംപ് ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top