ആണവ കാപട്യം

ആണവ നിരായുധീകരണത്തെക്കുറിച്ച് വാചകമടിക്കുന്ന യുഎസിനോ മറ്റു രാജ്യങ്ങള്‍ക്കോ യഥാര്‍ഥത്തില്‍ തങ്ങളൊഴിച്ച് മറ്റാര്‍ക്കും അണുബോംബുകള്‍ പാടില്ലെന്നേയുള്ളു. ഏറിവന്നാല്‍ തങ്ങളുടെ ഓമനയായ ഇസ്രായേലിനു വന്‍ നശീകരണായുധങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ അനുവദിച്ചെന്നുവരും.
ചില കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പാശ്ചാത്യരുടെ കാപട്യം നമ്മുടെ മുമ്പില്‍ പൊട്ടിത്തെറിക്കും. അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സംഘടന പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ട് പ്രകാരം ലോകത്ത് മൊത്തം 9,345 ആറ്റം-ഹൈഡ്രജന്‍ ബോംബുള്ളതില്‍ 4,350 എണ്ണം വഌദിമിര്‍ പുടിന്റെ നിയന്ത്രണത്തിലാണ്. അതായത്, 46 ശതമാനത്തിലധികം. വലിയ വായാടിയായ ഡോണള്‍ഡ് ട്രംപിന്റെ പക്കല്‍ 3,800 എണ്ണമുണ്ട്. ഇരുരാജ്യങ്ങളും തങ്ങളുടെ കൈവശമുള്ള ബോംബുകളില്‍ മൂന്നിലൊരുഭാഗമെങ്കിലും ഏതു നിമിഷവും പ്രയോഗിക്കാവുന്നതരത്തില്‍ വിന്യസിച്ചിരിക്കുകയാണ്. ഫ്രാന്‍സിന്റെ കൈവശം 300, ചൈന 270, ബ്രിട്ടന്‍ 215 എന്നിങ്ങനെയാണു കണക്ക്. പാകിസ്താനും ഇന്ത്യയും ഇക്കാര്യത്തില്‍ 120-130 എന്ന തോതില്‍ സമാസമമാണ്. ഇറാന്‍ ബോംബുണ്ടാക്കുന്നേ എന്നു പുരപ്പുറത്തു കയറി അലറുന്ന ഇസ്രായേലിന്റെ കൈയില്‍ 80 ബോംബുണ്ട്. അതിലൊന്നു പൊട്ടിയാല്‍ തന്നെ യഹൂദരാഷ്ട്രത്തിന്റെ കഥയാണ് ആദ്യം കഴിയുക.
അമേരിക്ക തിന്‍മയുടെ സഖ്യത്തില്‍ പെടുത്തിയിരിക്കുന്ന വടക്കന്‍ കൊറിയ 20 തൊട്ട് 60 വരെ ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നു. അവയില്ലായിരുന്നുവെങ്കില്‍ വളരെ മുമ്പു തന്നെ അമേരിക്ക വടക്കന്‍ കൊറിയയെ നശിപ്പിക്കുമായിരുന്നു.

RELATED STORIES

Share it
Top