ആണവ കരാറില്‍ ഇറാന്‍ തുടരും: റൂഹാനി

ദുബയ്: ആണവ കരാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ഭാഗമായി ഇറാന്‍ തുടരുമെന്നു പ്രസിഡന്റ്് ഹസന്‍ റൂഹാനി. 2015ലെ ആണവ കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയ പശ്ചാത്തലത്തിലായിരുന്നു റൂഹാനിയുടെ പ്രതികരണം.
യുഎസിനു പുറമെ ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ഇറാനുമായുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ധാര്‍മികതയുടെ ലംഘനമാണു കരാറില്‍ നിന്നുള്ള യുഎസിന്റെ പിന്‍മാറ്റമെന്നു റൂഹാനി പ്രതികരിച്ചു. മറ്റ് അഞ്ചു രാജ്യങ്ങളുടെ പിന്തുണ തുടരുകയാണെങ്കില്‍ കരാറില്‍ തുടരാന്‍ ഇറാന്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ പങ്കാളിത്തമില്ലാതെ കരാറില്‍ തുടരാനാവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. ബെയ്ജിങില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ചൈനയ്ക്കു പുറമെ കരാറില്‍ പങ്കാളികളായ യുഎസ് ഒഴികെയുള്ള മറ്റു രാജ്യങ്ങളും സരീഫ് സന്ദര്‍ശിക്കും. കരാറുമായി ബന്ധപ്പെട്ട് ഇറാന്റെ നിലപാടു വ്യക്തമാവാന്‍ സന്ദര്‍ശനങ്ങള്‍ സഹായകരമാവുമെന്നു വാങ് യി പ്രതികരിച്ചു.
അതേസമയം, ഇറാനുമായി ആണവ കരാറില്‍ തുടരുന്ന രാജ്യങ്ങളും ഉപരോധം നേരിടേണ്ടി വരുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. ഇറാനുമായുള്ള ആണവകരാറില്‍ നിന്നു പിന്‍മാറി ദിവസങ്ങള്‍ക്കുള്ളിലാണു യുഎസിന്റെ പുതിയ പ്രഖ്യാപനം. ഇപ്പോള്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ യുഎസ് ഉപരോധത്തിന്റെ ഫലങ്ങള്‍ നേരിടാന്‍ തുടങ്ങിയതായി ബോള്‍ട്ടന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനു വില്‍ക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ യുഎസ്് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നവയാണ്. എന്നാല്‍ അവയ്ക്കുള്ള ലൈസന്‍സുകള്‍ അവര്‍ക്കു ലഭ്യമാവില്ലെന്നു ബോള്‍ട്ടന്‍ പറഞ്ഞു.

RELATED STORIES

Share it
Top