ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി: ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സന്ദര്‍ശിച്ചു

നിലമ്പൂര്‍: മലയിടിച്ചിലില്‍ മണ്ണും കല്ലും മൂലം അടഞ്ഞ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ തുരങ്ക കവാടം സംരക്ഷിക്കാന്‍ രണ്ടു കോടിയോളം ചെലവ് വരുമെന്ന് കണക്കുകൂട്ടല്‍. ചൊവ്വാഴ്ച രാത്രിയുണ്ടായ മലയിടിച്ചിലിലാണു പദ്ധതി ടണലിന്റെ തുരങ്ക മുഖം അടഞ്ഞത്. മണ്ണും കല്ലും നീക്കി ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കുന്നതിനാണു രണ്ടുകോടി ചെലവ് കാണുന്നത്. കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി ശാശ്വതമായ സംരക്ഷണമാണു ലക്ഷ്യമാക്കുന്നത്. 250 മീറ്ററോളം ഉയരത്തിലും 35 മീറ്റര്‍ വീതിയിലും മലയിടിച്ചിലുണ്ടായിട്ടുണ്ട്. 2017 സപ്തംബറില്‍ ഇവിടെയുണ്ടായ മണ്ണിടിച്ചിലിനെക്കാള്‍ കൂടുതല്‍ ഭാഗം ഇത്തവണ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു കോടി 70 ലക്ഷത്തിന്റെ പ്രൊപ്പോസലാണ് ഇതിനായി സമര്‍പ്പിച്ചിരുന്നത്. മണ്ണിടിച്ചിലിന്റെ വ്യാപ്തി കൂടിയതിനാല്‍ ഇത്തവണ സംഖ്യ കൂടും. തുരങ്ക മുഖം അടഞ്ഞതിനാല്‍ വൈദ്യുത ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ പൂര്‍ണമായും മാറിയത്തിനു ശേഷം മാത്രമേ മണ്ണ് നീക്കം ചെയ്യുകയുള്ളു. മണ്ണും കല്ലും നീക്കം ചെയ്യാന്‍ മാത്രം 10 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 40 ലക്ഷം രൂപയാണ് ഇതിനായി ചെലവ് വന്നത്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് പുറമെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top