ആഢംബര ബസ് വിട്ടുകൊടുക്കാന്‍ സമ്മര്‍ദ്ദം

കാക്കനാട്: രജിസ്‌ട്രേഷന്‍ നടത്താതെയും, നികുതി വെട്ടിച്ചും എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്ന ആഡംബര ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത് വിട്ടു കൊടുക്കാന്‍ ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായി. യഥാസമയം വാഹനം രജിസ്ട്രര്‍ ചെയ്യാതിരുന്നതിനുള്ള പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് നികുതിയും അടച്ച് മാത്രമേ ബസ് വിട്ടുകൊടുക്കാന്‍ കഴിയുകയുള്ളൂവെന്ന ഉറച്ച നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് ബസ്സ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നും ആര്‍ടിഒ ഷാജി പറഞ്ഞു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കുകയും, അതിന്റെ കോപ്പികള്‍ കരാറില്‍ ചേര്‍ക്കേണ്ടതുമാണ്. അത്തരത്തില്‍ യാതൊരു നടപടിയും എയര്‍പോര്‍ട്ട് അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് വാഹന വകുപ്പ് അധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിക്കാന്‍ നിയമപരമായി തടസ്സമുള്ളതുകൊണ്ട് അതോറിറ്റിക്ക് നല്‍കിയിട്ടുള്ള കത്തിന് മറുപടി ലഭിച്ച ശേഷം മറ്റു നടപടികള്‍ എടുക്കാനാണ് തീരുമാനം. ആറു വര്‍ഷത്തോളമായി രജിസ്റ്റര്‍ ചെയ്യാതെയും നികുതി വെട്ടിപ്പിലൂടെയും ലക്ഷങ്ങളാണ് സര്‍ക്കാരിന് നഷ്ടം വരുത്തിിട്ടുള്ളത്.
എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടുള്ള കത്തിന് നടപടി ആയില്ലെങ്കില്‍ ഇതുമൂലം സര്‍ക്കാരിന് നഷ്ടപ്പെട്ട ലക്ഷങ്ങളുടെ കണക്ക് ഉള്‍പ്പെടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുവാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഏതുതരം വാഹനമായാലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് മോട്ടോര്‍ വാഹന നിയമം. നികുതി ഇളവ് ചെയ്യാനുള്ള അധികാരം സര്‍ക്കാരിനാണ്.
ചരക്കു വാഹനങ്ങളും ഇത്തരത്തില്‍ എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്നതായും അറിവുണ്ടെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പാഞ്ഞു. വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത ബസ് വിട്ടുകൊടുക്കാന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ ഉന്നതങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ബസ്സ് പിടിച്ചെടുത്ത നടപടി ശരിയായില്ലെന്നാണ് ജനപ്രതിനിധികള്‍ ഉന്നയിച്ചത്.
വാഹനം രജിസ്‌ട്രേഷന്‍ നടത്താതെ ഉടമസ്ഥന് നോട്ടീസ് അയക്കുവാന്‍ കഴിയില്ല. അത്തരം വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുവാനാണ് സാധിക്കുകയുള്ളൂവെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍പറയുന്നത്. ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ സര്‍വീസ് നടത്തുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ശ്രമിച്ചെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ ഇടപെടല്‍ മൂലം തടസ്സമുണ്ടായെന്നാണ് വിവരം. ഇപ്പോഴത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ ഉണ്ടായിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്ന ആഡംബര ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. എയര്‍പോര്‍ട്ടില്‍ നിന്നും അറ്റകുറ്റപണികള്‍ക്കായി ബസ് പുറത്തു കൊണ്ടുവന്നപ്പോഴാണ് പിടിച്ചെടുത്തത്.

RELATED STORIES

Share it
Top