ആട് കച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ കള്ളക്കടത്ത് സംഘം

കാഞ്ഞങ്ങാട്: ആട് കച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണകള്ളക്കടത്ത് സംഘമെന്ന് പോലിസ്. സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ പറഞ്ഞു. കുന്നുംകൈ ആറിലെകണ്ടത്തെ ഒ ടി സമീറി(32)നെയാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് തട്ടിക്കൊണ്ടുപോയത്.
കാഞ്ഞങ്ങാട്ട് ആട് കച്ചവടം നടത്തുന്ന സമീര്‍ ആറിലെകണ്ടത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വീടിന് മുന്നിലെ റോഡില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കുന്നുംകൈ ഭാഗത്ത് നിന്നും കാറിലെത്തിയ അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച ഉച്ചയോടെ തിരിച്ചെത്തിയ സമീര്‍ വെള്ളരിക്കുണ്ട് പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. സ്വര്‍ണക്കടത്ത് ഇടപാട് ഷെയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞാണ് സംഘം തട്ടിക്കൊണ്ടുപോയതെന്നും ഒരു സുഹൃത്ത് ഇടപെട്ടതിനെ തുടര്‍ന്നാണ് തന്നെ വിട്ടയച്ചതെന്നും പോലിസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ സംഘത്തെ കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. സമീറിനെ ആദ്യം കാസര്‍കോട് ഭാഗത്തേക്കും പിന്നീട് കണ്ണൂര്‍ ഭാഗത്തേക്കും സംഘം കൊണ്ടുപോയിരുന്നു.
കെഎസ്ആര്‍ടിസി ബസില്‍ കയറി കണ്ണൂരില്‍ നിന്നും നീലേശ്വരത്ത് ഇറങ്ങുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട് ബൈക്കില്‍ പോകുന്ന യുവാവിന്റെ മുഖത്ത് മുളക് പൊടി വിതറി പണം തട്ടിയെടുത്ത കേസിലും ആലക്കോട് പോലിസ് സ്‌റ്റേഷനില്‍ മൂന്ന് മോഷണ കേസിലും സമീര്‍ പ്രതിയാണെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top