ആഘോഷമാക്കി കൊച്ചി മെട്രോയുടെ പിറന്നാള്‍

കൊച്ചി: കൊച്ചി മെട്രോയുടെ പിറന്നാള്‍, ആഘോഷമായി മാറി. “ഹാപ്പി ബര്‍ത്ത് ഡേ കൊച്ചി മെട്രോ’ എന്നെഴുതിയ ഭീമന്‍ കേക്ക് മുറിച്ചായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായത്.  ഇന്നലെ രാവിലെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു കേരളത്തിന്റെ സ്വപ്‌നപദ്ധതി സാക്ഷാല്‍ക്കരിച്ചതിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമായത്. കൊച്ചിയിലെ ജനപ്രതിനിധികളും കെഎംആര്‍എല്‍ അധികൃതരും ചേര്‍ന്നാണു കേക്ക് മുറിച്ച് പിറന്നാള്‍മധുരം പങ്കുവച്ചത്. പ്രഫ. കെ വി തോമസ് എംപി, കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ്, അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുന്‍ കെഎംആര്‍എല്‍ എംഡിയുമായ ടോം ജോസ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, എം സ്വരാജ്, അന്‍വര്‍ സാദത്ത്, വി കെ ഇബ്രാഹിം കുഞ്ഞ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ബി സാബുതുടങ്ങിയവര്‍ ചേര്‍ന്നാണു കൊച്ചി മെട്രോയുടെ ലോഗോ ആലേഖനം ചെയ്ത കേക്ക് മുറിച്ചത്. കെഎംആര്‍എല്‍ ജീവനക്കാരും യാത്രക്കാരുമൊക്കെ കേക്ക് മുറിക്കുന്നതില്‍ പങ്കാളികളായി. തുടര്‍ന്ന് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ടൈം ട്രാവലര്‍ മാജിക് മെട്രോ എന്ന മാജിക് ഷോയും അരങ്ങേറി. രാവിലെ തന്നെ കൊച്ചി മെട്രോ ട്രെയിനില്‍ കയറിയ മുതുകാട് ചില മാജിക് നമ്പറുകളുമായി യാത്രക്കാരെ കൈയിലെടുത്തിരുന്നു. തുടര്‍ന്ന് മെട്രോയുടെ യാത്ര സുഗമമാക്കാന്‍ ഒരുമിച്ചു നിന്ന കുടുംബശ്രീ, കൊച്ചി മെട്രോ പോലിസ് തുടങ്ങിയവരെ ആദരിച്ചു. വാര്‍ഷികദിനത്തില്‍ ഒരു മണിക്കൂര്‍ നേരത്തേ സര്‍വീസ് ആരംഭിച്ചാണു കെഎംആര്‍എല്‍ ആഘോഷമാരംഭിച്ചത്.

RELATED STORIES

Share it
Top