ആഘോഷങ്ങളില്ലാതെ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് നവതിപത്തനംതിട്ട: രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിത ജഡ്ജി റിട്ട. ജസ്റ്റിസ് ഫാത്തിമ ബീവി തൊണ്ണൂറിന്റെ നിറവില്‍. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്സ്റ്റാന്റിന് സമീപമുള്ള അണ്ണാവീട്ടില്‍ പക്ഷേ, ഇന്നലെയും ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.പിന്നിട്ടത് സംഭവബഹുലമായ കാലഘട്ടമായിരുന്നെന്ന് അവര്‍ പറഞ്ഞു. കാലഘട്ടത്തിന്റെ മാറ്റം, സാമൂഹിക വിഷയങ്ങളിലുണ്ടായ മാറ്റം. അതിപ്പോള്‍ എല്ലാ രംഗത്തും പ്രകടമാവുന്നുണ്ടെന്ന് അവര്‍ പറയുന്നു. പത്തനംതിട്ടപോലെ വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു പ്രദേശത്തു നിന്ന് സുപ്രിംകോടതി ജഡ്ജിപദം വരെ, അതും ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഒരു വനിത എന്നത് വിസ്മയകരമാണ്. പത്തനംതിട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മൂത്ത മകളായി 1927 ഏപ്രില്‍ 30നാണ് ഫാത്തിമ ബീവിയുടെ ജനനം. ആറു സഹോദരിമാരും രണ്ടു സഹോദരന്മാരുമുള്ള വലിയൊരു കുടുംബത്തിലെ അംഗമായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്റര്‍മീഡിയറ്റിന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ അവിടെ ഹോസ്റ്റലില്‍ കൂട്ടായുണ്ടായിരുന്നത് ലോ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന കെ ആര്‍ ഗൗരിയമ്മ.തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് ബിഎല്‍ പാസായ ഫാത്തിമ ബീവി 1950 നവംബര്‍ 14ന് അഭിഭാഷകയായി എന്റോള്‍ ചെയ്തു. 1958ല്‍ മുന്‍സിഫായി. 72ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്.  1980ല്‍ ഇന്‍കം ടാക്‌സ് അപ്പലറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ മെംബറായി. 1983 ആഗസ്തിലാണ് ഹൈക്കോടതി ജഡ്ജിയാവുന്നത്. സുപ്രിംകോടതി ജഡ്ജിയായി 1989 ഒക്‌ടോബറില്‍ ചുമതലയേറ്റെടുക്കുമ്പോള്‍ അതൊരു ചരിത്രനിയോഗമായിരുന്നു. ഏറെ അഭിമാനകരമായ നേട്ടം. സംഭവബഹുലമായ കാലഘട്ടമെന്നാണ് ഇതിനെ ഫാത്തിമ ബീവി വിശേഷിപ്പിക്കുന്നത്.  92ല്‍ വിരമിച്ച ഫാത്തിമ ബീവി പിന്നീട് തമിഴ്‌നാട് ഗവര്‍ണറായി. നവതിക്ക് പ്രത്യേക ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. അബൂദബിയിലുള്ള ഇളയ സഹോദരി ഡോ. ഫൗസിയയും മകളുമെത്തിയിരുന്നു. സഹോദരങ്ങളില്‍ ഒരാള്‍ മരണമടഞ്ഞു. മറ്റുള്ളവരുമൊത്ത് ഒരു കൂട്ടായ്മ. അതു മാത്രമായിരുന്നു ഫാത്തിമ ബീവിയുടെ നവതി ആഘോഷം.

RELATED STORIES

Share it
Top