ആഘോഷക്കമ്മിറ്റി അനുഭാവികളുടെ കണ്‍വന്‍ഷന്‍ നാളെ

ഒറ്റപ്പാലം: പൂരാഘോഷങ്ങളിലെ പരമ്പരാഗത വെടിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ആഘോഷക്കമ്മിറ്റി അനുഭാവികള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ചിനക്കത്തൂര്‍പൂരം എഴുദേശം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 7ന് വൈകീട്ട് 4 ന് പാലപ്പുറം ദുര്‍ഗ ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷനെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഉല്‍സവകമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ ജനപ്രതിനിധികളും വെടിക്കെട്ട് കരാറുകാരും തൊഴിലാളികളും പങ്കെടുക്കും. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) രേഖാമൂലം കളക്ട്രേറ്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളാണ് വെടിക്കെട്ടിന് തടസ്സമാകുന്നത്. പെസോ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് വെടിക്കെട്ട് നടത്താന്‍ അനുമതിയുള്ളത്. വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരം ഷെഡ് വേണമെന്നും അനുശാസിക്കുന്നു. നിലവില്‍ എഡിഎം അനുവദിക്കുന്ന ലൈസന്‍സ് ഉപയോഗിച്ചാണ് വെടിക്കെട്ട് നടത്തുന്നത്. പെസോ ലൈസന്‍സ് എടുക്കാനും ഷെഡ് നിര്‍മാണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും രണ്ട് വര്‍ഷമെങ്കിലും വേണം. ഇതുമൂലം ഈ ഉല്‍സവകാലത്ത് വെടിക്കെട്ട് നടത്തുന്നത് എങ്ങനെ എന്നതിനെച്ചൊല്ലിയുള്ള ആശങ്കകള്‍ പരിഹരിക്കാനാണ് കണ്‍വെന്‍ഷന്‍ ചേരുന്നത്. കണ്‍വീനര്‍ എ ആര്‍ രാജേഷ്, ജോയിന്റ് കണ്‍വീനര്‍ എം സുഭാഷ്, മണികണ്ഠന്‍, ഹരിദാസന്‍, കെ രാഗേഷ് പങ്കെടുത്തു.

RELATED STORIES

Share it
Top