ആഗ്രഹം നിറവേറ്റി മടവൂരും യാത്രയായി

സുധീര്‍  കെ  ചന്ദനത്തോപ്പ്

കൊല്ലം: ജീവിതാന്ത്യം വരെ കളിയരങ്ങില്‍ നിറഞ്ഞു നില്‍ക്കണമെന്ന കലാകാരന്‍മാരുടെ അഭിലാഷം സാക്ഷാല്‍ക്കരിക്കുമ്പോള്‍ സാംസ്‌കാരിക കേരളത്തിനു വീണ്ടുമൊരു കണ്ണീര്‍ക്കാഴ്ച. ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ കളിയരങ്ങില്‍ കുഴഞ്ഞുവീണു മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍, കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ക്കും കളിയരങ്ങില്‍ കലോപാസന അവസാനിപ്പിക്കേണ്ടി വന്നു. ചൊവ്വാഴ്ച രാത്രി അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെയാണു വാസുദേവന്‍ നായര്‍ കുഴഞ്ഞുവീണു മരിച്ചത്.  കഥകളിയില്‍ തെക്കന്‍ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായ മടവൂര്‍ മനോധര്‍മ പ്രയോഗങ്ങളിലൂടെ ആസ്വാദകരുടെ മനസ്സില്‍ ഇടംനേടിയ വ്യക്തിത്വമായിരുന്നു. സ്ത്രീവേഷങ്ങളില്‍ അരങ്ങിലെത്തിയ അദ്ദേഹം താടിവേഷങ്ങള്‍ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധര്‍മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കല്‍പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കി. വാസുദേവന്‍ നായരെ 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കര്‍ണാടക സംഗീതത്തില്‍ അവഗാഹമുള്ള പ്രതിഭ. ഓള്‍ ഇന്ത്യ റേഡിയോയില്‍ കഥകളിപ്പദങ്ങള്‍ പാടിയിട്ടുണ്ട്.കലാമണ്ഡലത്തിലും കലാഭാരതിയിലുമായി ഒട്ടനവധി ശിഷ്യന്‍മാര്‍ മടവൂരിനു കീഴില്‍ കഥകളി അഭ്യസിച്ചിട്ടുണ്ട്. പ്രമുഖ സ്ത്രീവേഷക്കാരനായ കലാമണ്ഡലം രാജശേഖരന്‍ ഇവരില്‍ പ്രമുഖനാണ്. കലാഭാരതിയില്‍ നിന്നു കലാഭാരതി രാജന്‍, കലാഭാരതി വാസുദേവന്‍, കലാഭാരതി ഹരികുമാര്‍ എന്നിങ്ങനെ അനേകം ശിഷ്യരുമുണ്ട്.കേരള കലാമണ്ഡലം അവാ ര്‍ഡ്, തുളസീവനം അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര ഗവണ്‍മെന്റ് ഫെലോഷിപ്പ്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ രംഗകുലപതി അവാര്‍ഡ്, കലാദര്‍പ്പണ അവാര്‍ഡ്, ചെന്നിത്തല ചെല്ലപ്പന്‍പിള്ള സ്മാരക കലാസാംസ്‌കാരിക സമിതി അവാര്‍ഡ്, 1997ല്‍ വീരശൃംഖല അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ 88 വര്‍ഷത്തെ ജീവിതത്തിനിെട മടവൂരിനെ തേടിയെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top