ആഗ്രയിലെ കുടിവെള്ള വിതരണം നടുക്കമുണ്ടാക്കുന്നു: ഹരിതകോടതി

ന്യൂഡല്‍ഹി: ആഗ്രയിലെ കുടിവെള്ള വിതരണം, അഴുക്കുചാല്‍ സംവിധാനം, ഖരമാലിന്യ സംസ്‌കരണം എന്നിവയുടെ അവസ്ഥ നടുക്കമുണ്ടാക്കുന്നതാണെന്ന് ദേശീയ ഹരിതകോടതി.
ഇതുസംബന്ധിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമിതി രൂപീകരിച്ചു. ഹരിതകോടതി അധ്യക്ഷന്‍ ജസ്റ്റിസ് എ കെ ഗോയലിന്റെ നേതൃത്വത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷന്‍, നാഷനല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ഇഇആര്‍ഐ) പ്രതിനിധി, ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ അടങ്ങുന്നതാണ് സമിതി. എന്‍ഇഇആര്‍ഐയുടെ പഴയ റിപോര്‍ട്ടിന് 20 വര്‍ഷം പഴക്കമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പാലങ്ങള്‍ക്കടിയില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷത്തില്‍ ധാരാളം വെള്ളം എടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പുതിയ റിപോര്‍ട്ട് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
ഖരമാലിന്യസംസ്‌കരണ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഹരിതകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ പ്രാദേശിക സമിതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. കുടിവെള്ള വിതരണം, അഴുക്കുചാല്‍ സംവിധാനം, ഖരമാലിന്യ സംസ്‌കരണം എന്നിവ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഗണിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹരിതകോടതി മുമ്പാകെ വ്യക്തമാക്കി.
സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ഫോറസ്റ്റ് ആന്റ് എന്‍വയോണ്‍മെന്റ് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി.
ആഗ്രയിലെ മുനിസിപ്പാലിറ്റികള്‍ ഖരമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമങ്ങള്‍ ലംഘിക്കുമെന്നും 2000 മെട്രിക് ടണ്‍ ഖരമാലിന്യങ്ങള്‍ ഓരോ ദിവസവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുറന്തള്ളപ്പെടുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തെരുവുമൃഗങ്ങള്‍ ഭക്ഷിക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top