ആഗോളവല്‍ക്കരണം: ഇന്ത്യയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുന്നില്ല- മന്ത്രി

തിരുവല്ല: പല രാഷ്ട്രീയ തീരുമാനങ്ങളിലും ഇന്ത്യയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മന്ത്രി മാത്യു ടി തോമസ്. കേന്ദ്ര കേരള സര്‍വകലാശാലയുടെ തിരുവല്ലയിലെ നിയമ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ആഗോളവല്‍കൃത ലോകത്തി ല്‍ മനുഷ്യാവകാശങ്ങളുടെ സാക്ഷാല്‍ക്കാരം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അന്തര്‍ദേശീയ നിയമ സെമിനാറിന്റെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയങ്ങള്‍, ഒപ്പം തന്നെ സാര്‍വദേശീയ വിഷയങ്ങളിലടക്കം നമ്മുടേതായ അഭിപ്രായം രേഖപ്പെടുത്താനാവാതെ വന്നിരിക്കുന്നു. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേം ആണെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഫലസ്തീന്റെ ഭാഗമാണെന്ന് നാം എന്നും വിശ്വസിക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്ന് ഇന്ത്യ എന്നും ഒരു  നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാ ല്‍, ഇപ്പോള്‍ ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേം ആണെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനോട് പ്രതികരിക്കാന്‍ നമുക്ക് ആവുന്നില്ല. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ലോകക്രമത്തിലുണ്ടായ മാറ്റങ്ങളാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു.
ആഗോളവല്‍ക്കരണം മൂലം ജനങ്ങളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. സ്വന്തം ഭൂമിക്കു വേണ്ടി അലയേണ്ടി വരുന്ന ജനത നമ്മുടെ ഭൂമുഖത്തുണ്ടാകുന്നത് ഇതുമൂലമാണ്. ആഗോളവല്‍ക്കരണ കാലത്ത്, സ്വതന്ത്ര വിപണി എന്ന ലക്ഷ്യം  പല രാജ്യങ്ങള്‍ക്ക് അകത്തും സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ വളരെ വലുതാണ്. നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന റബര്‍ ഉള്‍പ്പെടെ പല ഉല്‍പ്പന്നങ്ങള്‍ക്കും വിലയില്ലാതായി. ആഗോളവല്‍ക്കരണവും അതുമായി ബന്ധപ്പെട്ട് ഇറക്കുമതി പ്രോല്‍സാഹിപ്പിക്കുന്ന കരാറുകളുമാണ് വിലയിടിച്ചിലിനു കാരണം.
റബറിന് വിലയിടിച്ചിട്ട് റബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്ന സമ്പദ് വ്യവസ്ഥയിലേക്കു വന്നത് ആഗോളവല്‍ക്കരണം മൂലമാണ്.  ഇവിടുത്തെ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ നമുക്കാവാത്ത സാഹചര്യം ആഗോളവല്‍ക്കരണം മൂലം വന്നിരിക്കുന്നു. ഇതു നമ്മുടെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന സമ്മര്‍ദ്ദം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ലീഗല്‍  സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എന്‍ കെ ജയകുമാര്‍  അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top