ആഗോളതാപനം: ലോകം കരുതലോടെ നീങ്ങണം

ആഗോളതാപനത്തിനെതിരേ ലോകരാജ്യങ്ങള്‍ അതിജാഗ്രത പാലിക്കാന്‍ അല്‍പം പോലും അമാന്തിച്ചുകൂടെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യുഎന്‍ പുറത്തുവിട്ട റിപോര്‍ട്ട് അടിവരയിടുന്നു. താപനില പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ വരള്‍ച്ച, പ്രളയം, അത്യുഷ്ണം, ദാരിദ്ര്യം തുടങ്ങി ഭീഷണമായ ദുരന്തങ്ങളുടെ നടുവിലേക്കാണ് മനുഷ്യരാശി എടുത്തെറിയപ്പെടാന്‍ പോവുന്നതെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. 2030 ആവുമ്പോഴേക്കും സംഭവിക്കാന്‍ പോവുന്ന കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ നമ്മുടെ മുന്നില്‍ അവശേഷിക്കുന്നത് ഒരു വ്യാഴവട്ടം മാത്രം.
ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര സമിതി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച റിപോര്‍ട്ടാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന അത്യാപത്തുകളെക്കുറിച്ചു വിശദമാക്കുന്നത്. മനുഷ്യനിര്‍മിതമായ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആഗോളതാപനം വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. പലപ്പോഴായി ഇതുസംബന്ധിച്ച ചര്‍ച്ചകളും മുന്നറിയിപ്പുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പാരിസില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച നിര്‍ദേശങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാരുകള്‍ പ്രകടിപ്പിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗതി ആശാവഹമല്ല. താപനിലയില്‍ കേവലം 0.5 ഡിഗ്രി സെല്‍ഷ്യസിലുണ്ടാവുന്ന വര്‍ധന മനുഷ്യരാശിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള ആഘാതങ്ങള്‍ക്കായിരിക്കും വഴിവയ്ക്കുക. 2016ല്‍ പാരിസില്‍ നടന്ന കാലാവസ്ഥാ ചര്‍ച്ചകള്‍ക്കുശേഷവും നടപടികള്‍ക്ക് ഒച്ചിഴയുന്ന വേഗം പോലും കൈവന്നിട്ടില്ല.
കോടിക്കണക്കിനു മനുഷ്യര്‍ക്ക് മരണം വരുത്തിവയ്ക്കാവുന്ന ദുരന്തമാണ് താപനിലയിലെ വര്‍ധന മൂലമുണ്ടാവുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ വേണ്ട നടപടികളുടെ ഗതിവേഗം വച്ചുനോക്കുമ്പോള്‍ 2030 ആവുമ്പോള്‍ തന്നെ താപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷി, ആരോഗ്യം, ജലസുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഗുരുതര പ്രതിസന്ധി നേരിടും. ദരിദ്രരാജ്യങ്ങളാവും ആഗോളതാപനത്തിന്റെ ആദ്യ ഇരകളായിത്തീരുക. കൃഷിനാശവും ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളും പ്രതിരോധിക്കാനാവാത്തവിധം ദുസ്സഹമാവുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ കൗമാരത്തിലേക്കു കാലൂന്നുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ അവരെ പിടികൂടും. പുതുതലമുറയ്ക്ക് നാം സമ്മാനിക്കുന്നത് ശോഭനവും സമാധാനപൂര്‍ണവുമായ ഭാവിയല്ല; മറിച്ച്, രോഗവും പട്ടിണിയും അകാലമരണവുമാണ്. ലോകം ഒന്നടങ്കം ഈ വിപത്തിനെതിരേ ജാഗ്രതപ്പെടേണ്ട സമയമാണിത്. നമ്മുടെ പ്രകൃതിയോട് ഇനിയെങ്കിലും നമുക്കു കനിവു കാട്ടാം. ആവര്‍ത്തിക്കുന്ന പ്രളയങ്ങളും അത്യുഷ്ണവും മറ്റനേകം വ്യതിയാനങ്ങളും ഇനിയും നമുക്കു പാഠമാവുന്നില്ലെങ്കില്‍, നമ്മുടെ വരുംതലമുറയ്ക്കും നമുക്കു തന്നെയും സര്‍വനാശത്തിലേക്കുള്ള വഴിയൊരുക്കുകയാവും നമ്മള്‍ ചെയ്യുന്നത്.

RELATED STORIES

Share it
Top