ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ മുറിനല്‍കാതെ അപമാനിച്ചെന്ന്

വടകര: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമിനെ വടകരയിലെ ലോഡ്ജില്‍ നിന്നും മുറി നല്‍കാതെ അപമാനിച്ചു വിട്ടതായി പരാതി. വടകര റെയില്‍വെ സ്റ്റേഷന്‍ റോഡ് എടോടിയിലെ അല്‍സഫ ലോഡ്ജിനെതിരെയാണ് ശീതള്‍ പരാതിയുമായി രംഗത്ത് വന്നത്. മൊകേരി ഗവ.കോളജില്‍ പരിപാടിക്കെത്തിയ ഇവര്‍ക്ക് സംഘാടകര്‍ അല്‍സഫ ലോഡ്ജിലാണ് റൂം ബുക്ക് ചെയ്തത്.
എന്നാല്‍ ലോഡ്ജിലെത്തിയ ശീതളിനോട് ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് കൊണ്ട് റൂം നല്‍കില്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു. ഗവ.ഔദ്യോഗിക പദവിയില്‍ ഉള്ള ആളാണെന്ന് പറഞ്ഞിട്ട് പോലും ജീവനക്കാര്‍ ചെവികൊണ്ടില്ല. തന്റെ ഐഡന്റിറ്റിയെ അപമാനിച്ച് സംസാരിച്ചതിന് പുറമെ കൂടെ വന്ന കോളജ് യൂനിയന്‍ ഭാരവാഹികളെയും ചേര്‍ത്ത് മോശമായി സംസാരിച്ചെന്നും ശീതള്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരം അനുഭവം ഉണ്ടാകുന്നത്. സംഭവത്തില്‍ വടകര പോലിസില്‍ ശീതള്‍ നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ശീതളിന് നേരിട്ട് അധിക്ഷേപിച്ച സംഭവത്തില്‍ നടപടി എടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചതായി ശീതള്‍ അറിയിച്ചു.

RELATED STORIES

Share it
Top