ആക്രിത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: എസ്ഡിടിയു

ആലപ്പുഴ: തട്ടിക്കൊണ്ടുപോവലും മോഷണ ശ്രമങ്ങളും വ്യാപകമായി നടക്കുകയും ഇതിന്റെ പേരില്‍ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ആക്രി തൊഴിലാളികള്‍ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആക്രി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി ആവശ്യപ്പെട്ടു. യാചന വേഷധാരികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുകയും സ്റ്റിക്കര്‍ പതിക്കപ്പെട്ട പലവീടുകളിലും മോഷണവും മോഷണ ശ്രമവും വ്യാപകമായി നടക്കുന്നതും ജനങ്ങളെ ഭയ വിഹ്വലരാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജ വാര്‍ത്തകളാണെന്ന് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്മാര്‍ ഒരു ഭാഗത്ത് പറയുമ്പോ ള്‍ ഈ സംഭവങ്ങളെ കെട്ടുകഥകളാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ലെന്ന് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും വിശദമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിലപാട്. തട്ടിക്കൊണ്ടുപോവലും മോഷണ ശ്രമവും നടക്കുമ്പോഴും ഇതിന്റെ പിന്നിലെ സാമൂഹിക ദ്രോഹികളെ തിരിച്ചറിയാന്‍ പോലിസിന് കഴിയുന്നില്ല. ഇതിന്റെ പേരില്‍ നിരപരാധികള്‍ വ്യാപകമായി വേട്ടയാടപ്പെടുകയും ആക്രമണത്തിനു വിധേയമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. വീടുകള്‍ കയറി ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ആക്രിതൊഴിലാളികളാണ് പലപ്പോഴും ഇത്തരം പീഡനങ്ങള്‍ക്കിരയാവുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഭയപ്പാടിലാണ്. എസ്ഡിടിയുവില്‍ അംഗങ്ങളായ മുഴുവന്‍ ആക്രിതൊഴിലാളികള്‍ക്കും യൂനിയന്റെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും ഇവരുടെ പൂര്‍ണ വിവരങ്ങള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സമൂഹത്തിന്റെ ഏറ്റവും താഴത്തട്ടില്‍ പണിയെടുക്കുന്ന ആക്രിതൊഴിലാളികള്‍ക്ക് അംഗീകൃത തൊഴില്‍ കാര്‍ഡ് നല്‍കാന്‍ ജില്ലാ-പ്രാദേശിക ഭരണാധികാരികള്‍ തയ്യാറാകണമെന്നും നൗഷാദ് മംഗലശേരി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നാസര്‍ പുറക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് നജീബ് മുല്ലാത്ത്, മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കവേലി, ആക്രി തൊഴിലാളിയൂനിയന്‍ മേഖലാ കണ്‍വീനര്‍ മുജീബ് റഹ്്മാന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top