ആക്രമണ ഭീഷണി: പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിയോട് ഒരു പരിധിയില്‍ കൂടുതല്‍ ആളുകള്‍ അടുത്ത് വരരുതെന്ന് അടക്കമുള്ള സുരക്ഷാ ചട്ടങ്ങള്‍ ഇതിന്റെ ഭാഗമായി മന്ത്രാലയം പുറപ്പെടുവിച്ചു. പ്രധാനമന്ത്രിക്കു നേരെ ഭീഷണി നിലനില്‍ക്കുന്നതായി, ഈ ഭീഷണി എന്താണെന്ന് വ്യക്തമാക്കാതെ സംസ്ഥാന പോലിസ് മേധാവികള്‍ക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2019 തിരഞ്ഞെടുപ്പിനായി രംഗത്തുള്ള വ്യക്തികളില്‍ മോദിയെ ലക്ഷ്യംവയ്ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതായി കൗണ്‍സില്‍ പറയുന്നു. മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിയോട് അടുത്ത് ഇടപഴകുന്നതിനു നിയന്ത്രണമുണ്ട്. കേന്ദ്രമന്ത്രിമാര്‍ക്കോ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ (എസ്പിജി) പരിശോധനയില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാവില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന് (സിപിടി) ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.
രാജീവ്ഗാന്ധി വധത്തിനു സമാനമായി മോദി വധിക്കപ്പെടാമെന്ന് പൂനെ പോലിസ് പറഞ്ഞ കാര്യവും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതു മോദിയുടെ തൊട്ടടുത്തേക്കു പ്രവേശനം നിയന്ത്രിക്കും. പൊതുപരിപാടികള്‍ കുറയ്ക്കാനും നിര്‍ദേശമുണ്ട്. പ്രധാനമന്ത്രിക്കൊപ്പമുള്ള കമാന്‍ഡോകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുമുണ്ട്.

RELATED STORIES

Share it
Top