ആക്കപ്പറമ്പില്‍ മലിനജലം ഒഴുകുന്നു; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീതിയില്‍

പട്ടാമ്പി: നാടുമുഴുവന്‍ മാറാവ്യാധികള്‍ ഭീതി പരത്തുന്നതിനിടെ ആക്കപ്പറമ്പ് നിവാസികള്‍  മലിന ജല ഭീഷണിയില്‍. കൊപ്പം ടൗണിലെ അഴുക്കു ചാലുകളിലെ മലിനജലം ഒഴുക്കി വിടുന്നത് ആക്കപ്പറമ്പ് പ്രദേശത്തേക്ക്. പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പലതവണ പരാതി നല്‍കിയിട്ടും പരിഹാരം കാണാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
പ്രദേശവാസികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനു പരാതി നല്‍കിയിരിക്കുകയാണ്. മലിന ജല ഭീഷണിക്കെതിരേ നാട്ടുകാര്‍ രൂപീകരിച്ച സമര സമിതിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയില്‍ എത്തിയാണ് പരാതി സമര്‍പ്പിച്ചത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ആക്കപ്പറമ്പ് പ്രദേശത്തേക്കാണ് വര്‍ഷങ്ങളായി ടൗണിലെ വിവിധ ഹോട്ടലുകള്‍, ബേക്കറികള്‍, മല്‍സ്യ, മാംസ കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം തള്ളുന്നത്. മുളയന്‍കാവ് റോഡ് വഴി പോകുന്ന അഴുക്കുചാലിലൂടെ മലിനജലം ഒഴുകി ആക്കപ്പറമ്പിലെ ജനവാസ പ്രദേശത്ത് തോട്ടില്‍ കെട്ടി നില്‍ക്കുകയാണ്. റോഡിനോട് ചേര്‍ന്ന അഴുക്കുചാല്‍ പലയിടത്തും മൂടികള്‍ തുറന്നിട്ട നിലയിലാണ്.
വീടുകള്‍ക്കു മുന്‍പിലൂടെ പോകുന്ന തോട്ടിലെ മലിനജലം ദുര്‍ഗന്ധം പരത്തുന്നതിനു പുറമെ കൊതുകു ശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു.
ജങ്ക്ഷനിലെ വിവിധ കടകളിലെ പാഴ് വസ്തുക്കളും മലിനജലവും ചാലിലേക്ക് ഒഴുക്കി വിടുന്നതിനെതിരേ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. ചില ഹോട്ടലുകള്‍ക്കും ബേക്കറി കടകള്‍ക്കും നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും മലിനജലം ഒഴുക്കി വിടുന്നതിനു യാതൊരുവിധ നിയന്ത്രണവുമില്ല.
അന്‍പതോളം കുടുംബങ്ങളാണ് ഇവിടെ ദുരിതത്തില്‍ കഴിയുന്നത്. രാത്രിയായാല്‍ കൊതുകുകടി മൂലം ഉറക്കമില്ലെന്നും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ബുദ്ധിമുട്ടാണെന്നും പകര്‍ച്ച വ്യാധിയും പനിയും മൂലം പലരും ആശുപത്രിയില്‍ ചികില്‍സയിലാണെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തും ജനപ്രതിനിധികളും നാട്ടുകാരുടെ മാലിന്യ പ്രശ്‌നത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നാണ് പ്രധാന ആരോപണം.
എംഎല്‍എ, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം.

RELATED STORIES

Share it
Top