ആകാശ യാത്രയ്‌ക്കൊരുങ്ങി ആറളത്തെ കുട്ടികള്‍കൊച്ചി: കണ്ണൂര്‍ ആറളം ഫാം ഹൈസ്്കൂളിലെ ആദിവാസി വിഭാഗത്തില്‍പെട്ട 38 കുട്ടികള്‍ ഇന്ന് ആകാശയാത്രയ്‌ക്കൊരുങ്ങുന്നു. രണ്ടു ദിവസത്തെ കൊച്ചി സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അവര്‍ കോഴിക്കോട്ടേയ്ക്ക് തിരിക്കും.ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ഇവര്‍ക്ക് കൊച്ചിയാത്ര പകര്‍ന്നു നല്‍കിയത് വ്യത്യസ്തമായ ഒരനുഭവമായിരുന്നു. നഗരത്തിന്റെ തിരക്കേറിയ സൗന്ദര്യം മാത്രമല്ല, കപ്പല്‍യാത്രയുടെയും വിമാനയാത്രയുടെയും അനുഭവവും ആവേശവും അവര്‍ക്ക് ഈ യാത്രയിലൂടെ കണ്ണൂര്‍ ജില്ലാഭരണകൂടം ഉറപ്പാക്കി. കണ്ണൂര്‍ ജില്ലയിലെ കുട്ടികളുടെ സമഗ്രവികസനം എന്ന കാഴ്ചപ്പാടോടെ നടപ്പാക്കുന്ന വാത്സല്യം പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ സന്ദര്‍ശനത്തിനെത്തിയത്. പഠനത്തിലും ഹാജര്‍ നിലയിലും പിന്നോക്കമായിരുന്ന ആദിവാസി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പരിപാടി. മികച്ച ഹാജര്‍ നിലയും പഠനത്തില്‍ ഉയര്‍ന്ന നിലവാരവും പുലര്‍ത്തിയ കുട്ടികളെ തിരഞ്ഞെടുത്തായിരുന്നു യാത്ര.മെയ് 10 രാവിലെ കണ്ണൂരില്‍ നിന്ന് യാത്രയാരംഭിച്ച ഇവര്‍ വൈകീട്ട് എറണാകുളത്തെത്തി ലുലുമാള്‍ സന്ദര്‍ശിച്ചു. ഇന്നലെ വണ്ടര്‍ലാ സന്ദര്‍ശിച്ച ശേഷം ഇവര്‍ക്കായി മറൈന്‍ ഡ്രൈവില്‍ നിന്ന് വൈകീട്ട് രണ്ടു മണിക്കുര്‍ കപ്പല്‍യാത്രയും സജ്ജീകരിച്ചിരുന്നു. ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന്് വിദ്യാര്‍ഥികള്‍ കോഴിക്കോട്ടേക്ക് തിരിക്കും. രാവിലെ 7ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന സ്വീകരണചടങ്ങില്‍ വിദ്യാര്‍ഥികളോടൊപ്പം കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയും പങ്കെടുക്കും. വിമാനയാത്രയിലും കലക്ടര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരിക്കും. രാവിലെ 10.15ന് കോഴിക്കോട് വിമാനത്താവളത്തിലും വിദ്യാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. 20 പെണ്‍കുട്ടികളും 18 ആണ്‍കുട്ടികളുമടങ്ങുന്ന സംഘത്തെ നാല് അധ്യാപകരും രണ്ട് രക്ഷിതാക്കളും മൂന്ന് റവന്യൂ ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ്് കുട്ടികള്‍ക്കായുള്ള വിമാനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.വിദ്യാര്‍ഥികള്‍ക്കും കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും പുറമെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും പ്രോഗ്രാം കോ-ഓഡിനേറ്ററുമായ പി സുനില്‍കുമാര്‍, എന്‍ കെ രത്‌നേഷ്, ബി ജി ധനഞ്ജയന്‍, എച്ച്പിസിഎല്‍ ഡിജിഎം കെ ലോകനാഥന്‍ എന്നിവര്‍ കൊച്ചി വിമാനത്താവളത്തില്‍ രാവിലെ സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top