ആകാശപാത ; നഗരസഭാ വക സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനംകോട്ടയം: നഗരസഭാ വക സ്ഥലത്ത് ആകാശപാതയുടെ ചവിട്ടുപടി നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനം. തീരുമാനത്തിന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പ്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരസഭ നിലവില്‍ സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടിലാണ്. കെട്ടിടം ഇനിയും വികസിപ്പിക്കാന്‍ കഴിയില്ല എന്നു മാത്രമല്ല, നിലവിലെ പാര്‍ക്കിങ്് പോലും അനിശ്ചതാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ആകാശപാത നിര്‍മാണത്തിനു സ്ഥലം വിട്ടുനല്‍കിയാല്‍ നഗരസഭ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സ്ഥലം വിട്ടു നല്‍കുന്നതും നിര്‍മാണത്തിന് മാത്രമായി അനുമതി നല്‍കുന്നു എന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. നഗരസഭയ്ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കുമ്പോഴും പദ്ധതിയെ കുറിച്ച് അംഗങ്ങള്‍ക്കോ, നഗരസഭാ അധികാരികള്‍ക്കോ ഒന്നും അറിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭ സ്ഥലം വിട്ടുകൊടുക്കണമെന്ന അവസ്ഥയിലാണ് ഇക്കാര്യം കൗണ്‍സിലില്‍ വരുന്നതു തന്നെ. എംഎല്‍എ കൊണ്ടുവന്ന പദ്ധതി എന്ന നിലയില്‍ ഇത് നടപ്പാക്കണമെന്നതു മാത്രമാണ് ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പദ്ധതി കൊണ്ട് ജനത്തിന് എന്താണ് ഗുണമെന്ന് അവര്‍ ചിന്തിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതി മൂലം ആകെ ഗുണം ലഭിക്കുന്നത് നഗരത്തിലെ മാളിനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നഗരത്തിന് ആവശ്യം ആകാശ നടപ്പാതയല്ല. വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ പകരം റോഡുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നായിരുന്നു ഭരണപക്ഷ നിലപാട്. സ്ഥലം പൂര്‍ണമായി വിട്ടുനല്‍കരുതെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ് വാദിച്ചപ്പോള്‍ സ്ഥലം വിട്ടുനല്‍കുന്നതില്‍ തെറ്റില്ലെന്നും മുമ്പ് ഒരു രൂപ പോലും വില ഈടാക്കാതെ ശീമാട്ടി റൗണ്ടാനയ്ക്കായി സ്ഥലം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു എം പി സന്തോഷ് കുമാറിന്റെ അഭിപ്രായം.

RELATED STORIES

Share it
Top