ആംബുലന്‍സ് ലഭിച്ചില്ല; യഥാസമയം ചികില്‍സ കിട്ടാതെ 4 വയസ്സുകാരിക്ക് മരണം

ഭോപാല്‍: ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ കൃത്യസമയത്ത് ചികില്‍സ ലഭിക്കാതെ നാലു വയസ്സുകാരി മരിച്ചു. കടുത്ത പനിയുള്ള ജീജയെ കുത്തിവച്ച ഗ്ലൂക്കോസോടു കൂടി 30 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ കൊണ്ടുപോയത്. മധ്യപ്രദേശിലെ രത്‌ലാമില്‍ നന്ദ്‌ലേത്താ ഗ്രാമത്തിലാണ് സംഭവം.
മകളുടെ ജീവന്‍ നിലനിര്‍ത്തണമെന്ന് മാത്രമായിരുന്നു അച്ഛന്‍ ഘനശ്യാമും അമ്മ ദീനാഭായിയും ചിന്തിച്ചത്. അതിനാലാണ് കുഞ്ഞിനെയും വാരിയെടുത്ത് ബൈക്കില്‍ ആശുപത്രിയിലേക്കു പോയത്. എന്നാല്‍, അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍ ജീജയുടെ മരണം സ്ഥിരീകരിക്കുകയാണു ചെയ്തത്. പനി കടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഏഴു കിലോമീറ്റര്‍ അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍, ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിന് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന്  കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് കഴിഞ്ഞ മൂന്ന് മാസമായി തകരാറിലായതാണ് കാരണമെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top