ആംബുലന്‍സ് ജീവനക്കാരുടെ നിയമനം വൈകുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സില്‍ ജീവനക്കാരെ നിയമിക്കാന്‍ വൈകുന്നത് മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് തര്‍ക്കമെന്ന് സൂചന. പി വി അബ്ദുല്‍ വഹാബ് എംപിയുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രിക്ക് വാങ്ങി നല്‍കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിഐപി ആംബുലന്‍സാണ് വിദഗ്ധരായ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ കിടക്കുന്നത്.
ഉദ്ഘാടനത്തിന് മുമ്പ് ജീവനക്കാരെ നിയമിക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി ഡിഎംഒക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ചില്‍ ആംബുലന്‍സിന്റെ താക്കോല്‍ദാനം വന്‍ പ്രചാരണ പരിപാടിയോടെ സംഘടിപ്പിച്ചിരുന്നെങ്കിലും ജീവനക്കാരെ നിയമിക്കാത്തതിനാല്‍ താക്കോല്‍ദാനം മാറ്റിവച്ചു. ഡിഎംഒ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരോട് വേദിയില്‍ വച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. പിന്നീട് മാര്‍ച്ചില്‍ അഭിമുഖം നടത്താന്‍ നടപടി സ്വീകരിക്കുകയും അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് 60 ഓളം പേര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിയെങ്കിലും ജില്ലാ പഞ്ചായത്ത് അഭിമുഖം നടന്നില്ല. ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ ഭിന്നതയാണ് ജീവനക്കാരുടെ നിയമനം നീളാന്‍ കാരണം. അഭിമുഖം മാറ്റിവച്ച നടപടിയെ വ്യാഴാഴ്ച്ച നടന്ന എച്ച്എംസി യോഗത്തില്‍ സിപിഎം അംഗം പി ടി ഉമ്മര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡിഎംഒയും ജില്ലാ പഞ്ചായത്തും തമ്മിലുള്ള ശീതസമരവും നിയമനം വൈകാന്‍ ഇടയാക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top