ആംബുലന്‍സ് കുംഭകോണംവയലാര്‍ രവിയുടെ മകനെതിരേ വാറന്റ്

ജയ്പൂര്‍: രാജസ്ഥാനില്‍ ആംബുലന്‍സ് സേവനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകനും സികിത്‌സ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ രവി കൃഷ്ണയ്ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേ പ്രത്യേക കോടതി ജാമ്യമെടുക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചു.
കൃഷ്ണയെ കൂടാതെ കമ്പനിയുടെ സിഇഒ സ്വേതമംഗള്‍, ജീവനക്കാരന്‍ അമിത് ആന്റണി അലക്‌സ് എന്നിവരും സികിത്‌സ ഹെല്‍ത്ത് കെയറും കേസിലെ പ്രതികളാണ്. ഇവര്‍ക്കെതിരേ കഴിഞ്ഞമാസം 4നാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ ആഗസ്ത് 23ന് കോടതിയില്‍ ഹാജരാകണം. ബിജെപി നേതാവും ജയ്പൂര്‍ ഡെപ്യൂട്ടി മേയറുമായ പങ്കജ് ജോഷിയുടെ പരാതി പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചത്. പിന്നീട് അധികാരത്തില്‍ വന്ന അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്നാണ് ആരോപണം. വസുന്ധര രാജെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആംബുലന്‍സ് നടത്തിപ്പിന് ടെന്‍ഡര്‍ വിളിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അശോക് ഗെഹ്‌ലോട്ട്, കമ്പനി ഡയറക്ടര്‍മാര്‍, കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തെ അന്വേഷണത്തിനു ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് ഗെഹ്‌ലോട്ട്, പൈലറ്റ്, കാര്‍ത്തി തുടങ്ങിയവരെ ഒഴിവാക്കി.

RELATED STORIES

Share it
Top