ആംബുലന്‍സില്‍ നിന്ന് തലകീഴായി ഇറക്കിയ രോഗി മരിച്ചു

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ നിന്ന് ഇയാളെ തലകീഴായി ഇറക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കഴിഞ്ഞ 20ന് ബൈക്ക് ഇടിച്ച് പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ രോഗിയെ തലകീഴായി ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം സമീപത്തു കൂടിനിന്നവരാണ് ഇതു മൊബൈലില്‍ ചിത്രീകരിച്ചത്. ഈ സമയം വീഡിയോ പകര്‍ത്തരുതെന്ന് ആക്രോശിച്ച ഡ്രൈവര്‍ ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതുകൊണ്ടാണ് രോഗിയെ ഇത്തരത്തില്‍ ഇറക്കാന്‍ നോക്കിയതെന്നും രോഗി മദ്യപിച്ചിട്ടുണ്ടെന്നും ന്യായീകരിച്ചിരുന്നു. ജീവനക്കാര്‍ എത്തുംവരെ രോഗി ഇതേനിലയില്‍ കിടന്നു.വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു
ആണ്ടിമഠം വീട്ടില്‍ ഷഫീക്ക്(36) ആണ് ആംബുലന്‍സ് ഡ്രൈവര്‍. ഇയാള്‍ക്കെതിരേ കേസെടുക്കുമെന്നു മെഡിക്കല്‍ കോളജ് പോലിസ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസം ചികില്‍സയിലിരുന്ന രോഗി ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്കാണ് മരിച്ചത്. അനില്‍കുമാര്‍ എന്നാണ് പേരെന്ന് ഇയാള്‍ പറഞ്ഞതായി പറയുന്നു. 50 വയസ്സിലധികം പ്രായം തോന്നിക്കും. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കെതിരേ പാലക്കാട് നാട്ടുകല്‍ പോലിസ് കേസെടുത്തിട്ടുണ്ട്. മരിച്ചയാള്‍ ആരെന്നു കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top