ആംനസ്റ്റി ഇന്ത്യയിലെ മുസ്‌ലിം പ്രാതിനിധ്യം പൂജ്യം

ന്യൂഡല്‍ഹി: ആംനസ്റ്റി ഇന്ത്യയുടെ സുപ്രധാന സ്ഥാനങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം പൂജ്യം. മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയുമായ മറിയ സാലിമിന്റേതാണ് ഈ വെളിപ്പെടുത്തല്‍.
ആംനസ്റ്റിയില്‍ നിന്നുള്ള രാജിക്കുശേഷം ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് സംഘടനയിലെ സവര്‍ണമേധാവിത്വത്തെക്കുറിച്ച് മറിയ സാലിം മനസ്സ് തുറന്നത്. ആംനസ്റ്റി ഇന്ത്യയുടെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഉയര്‍ന്ന ജാതിക്കാരാണ്. നിരവധി വിവേചനങ്ങളാണ് അവരില്‍ നിന്നു നേരിട്ടത്.
ഒന്നരക്കൊല്ലമായി ദലിത്-മുസ്‌ലിം വിഭാഗങ്ങളില്‍നിന്നുള്ള ആംനസ്റ്റി ജീവനക്കാര്‍ അവിടെ നേരിടുന്നത് ഭീകരമായ വിവേചനങ്ങളാണെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ചും സ്ത്രീകള്‍- മറിയ പറയുന്നു. ആംനസ്റ്റി ഇന്ത്യയുടെ സുപ്രധാന സ്ഥാനങ്ങളില്‍ മുസ്‌ലിംകളെ കാണാനാവില്ലെന്നും മറിയ.
ബോര്‍ഡുകളിലും സീനിയര്‍ മാനേജ്‌മെന്റിലും പ്രോഗ്രാം മാനേജ്‌മെന്റിലും മുസ്‌ലിം പ്രാതിനിധ്യം പൂജ്യമാണ്. സീനിയര്‍ കാംപയിനര്‍മാരില്‍ കശ്മീരില്‍ നിന്നുള്ള ഒരാളല്ലാതെ മറ്റു മുസ്‌ലിംകള്‍ ഇല്ല.
ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയും ഭീകരമായ വംശീയതയാണ് ആംനസ്റ്റി ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഒരു ദലിത് ആക്റ്റിവിസ്റ്റിനും ആംനസ്റ്റിയില്‍ നിന്ന് വിവേചനമുണ്ടായതായി മറിയ വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായ മാനസിക പീഡനങ്ങള്‍ അവര്‍ക്കു നേരെ ഉണ്ടായിരുന്നു. രാജിക്കത്ത് നല്‍കി അരമണിക്കൂറിനകം അവരുടെ രാജി സ്വീകരിച്ചെന്നും മറിയ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍നിന്നുള്ളവരോടുള്ള ആംനസ്റ്റി സീനിയര്‍ സ്റ്റാഫുകളുടെ സമീപനം ജാതീയവും വംശീയവുമാണെന്ന് അവര്‍ പറയുന്നു.
തന്റെ സഹപ്രവര്‍ത്തകയും ജെഎന്‍യുവില്‍ നിന്നു ഗവേഷണം പൂര്‍ത്തിയാക്കിയ, ബാപ്‌സയുടെ സ്ഥാപകരില്‍ ഒരാളുമായ ഒരു ദലിത് ആക്റ്റിവിസ്റ്റിന് ആംനസ്റ്റി ഇന്ത്യയുടെ ഡയറക്ടറില്‍ നിന്നുതന്നെ ജാതിവിവേചനം നേരിട്ടെന്നു മറിയം പറയുന്നു. ആദിവാസി അവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു ആദിവാസി ആക്റ്റിവിസ്റ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാമെന്ന നിര്‍ദേശത്തോട്, നമുക്ക് അങ്ങനെ അജണ്ടയില്ല. മൃഗങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിന് മൃഗങ്ങളെ വിളിക്കാത്തതുപോലെ’’ എന്നായിരുന്നു ആംനസ്റ്റിയില്‍ നിന്നു മറുപടി ലഭിച്ചത്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ മോചനവിഷയം ഉയര്‍ത്തിയതിനു പിന്നില്‍ ആംനസ്റ്റിയുടെ മെംബര്‍ഷിപ്പ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.
2016ലാണ് മറിയ സാലിം കണ്‍സള്‍ട്ടന്റായി ആംനസ്റ്റി ഇന്ത്യയുടെ ഭാഗമാവുന്നത്.

RELATED STORIES

Share it
Top