അഹ്മദ്കുട്ടി ശിവപുരം നിര്യാതനായി

ശിവപുരം: പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ പ്രഫ. അഹ്മദ്കുട്ടി ശിവപുരം (71) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ 4ന് ശിവപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. പരേതരായ കണ്ടിയോത്ത് പക്കര്‍ഹാജി-പുതുക്കിടി ഖദീജ ദമ്പതികളുടെ മകനാണ്. വ്യത്യസ്ത കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അഹ്മദ്കുട്ടി 2003ലാണ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നിന്നു വിരമിച്ചത്. ഗവ. കോളജ് മുചുകുന്ന്, ഗവ. കോളജ് കാസര്‍കോട്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, ചിറ്റൂര്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു.
പ്രദേശത്തെ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു.
സംസം കഥ പറയുന്നു, ബിലാലിന്റെ ഓര്‍മകള്‍, അതിരുകള്‍ അറിയാത്ത പക്ഷി, മക്കയില്‍നിന്നു വന്നവര്‍, കഅ്ബയുടെ വിളി, ഒന്നിന്റെ ലോകത്തേക്ക്, അറഫാ പ്രഭാഷണം, വചനപ്പൊരുള്‍, വിദ്യാരംഭം, ഒരു കല്ലിന്റെ കണ്ണുനീര്‍, പ്രവാചകാഭിധേയങ്ങള്‍, മിഅ്‌റാജ് ഉത്തുംഗതിയിലേക്കുള്ള ഉദ്ദയനം, ചരിത്രത്തിന്റെ ഇസ്്‌ലാമിക അനുഭവം, അബ്രഹാമികം, മുഹമ്മദ് നബി പാഠവും പാഠമുദ്രയും തുടങ്ങിയവ പ്രധാന രചനകളാണ്. ഇവയില്‍ പലതും ഇംഗ്ലീഷ് അടക്കമുള്ള നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി.
ഭാര്യ: നന്‍മനാ ബീവി ഊരള്ളൂര്‍, മക്കള്‍: ഇബ്രാഹിം തൗഫീഖുല്‍ ഹഖീം, ആയിശ മിന്നത്തുല്‍ ഹാദി, ഫാത്തിമ ഹന്ന ഹഗാര്‍ (പ്രിന്‍സിപ്പല്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി, കൊളത്തൂര്‍), പരേതയായ ഖദീജ ബസ്മലത്ത്. മരുമക്കള്‍: നദീറ കുറ്റിയാടി, സലീം ഖത്തര്‍, അഡ്വ. മുഹമ്മദ് റിഷാല്‍ അത്തോളി. സഹോദരങ്ങള്‍: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം കെ ഉസ്മാന്‍ മാസ്റ്റര്‍, സഫിയ, സൗദ, ഫാത്തിമ, പരേതരായ കെ അബ്ദുല്ല യൂസുഫ്, കെ മൊയ്തീന്‍ കോയ മാസ്റ്റര്‍.

RELATED STORIES

Share it
Top