അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്നത് അടിസ്ഥാനരഹിതം

തിരുവനന്തപുരം: ദേവസ്വം കമ്മീഷണര്‍ തസ്തിക ദേവസ്വം ബോര്‍ഡുകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റ പദവിയാക്കിയ ഭേദഗതിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് ദുരുദ്ദേശ്യപരമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹിന്ദുക്കളല്ലാത്ത ആരെയും ദേവസ്വം ബോര്‍ഡുകളില്‍ നിയമിക്കാനാവില്ലെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടില്ല.
ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തേക്ക് അഹിന്ദുക്കളെ നിയമിക്കുന്നതിനായി നിയമഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. സംസ്ഥാനത്തെ ഒരു ദേവസ്വം ബോര്‍ഡുകളിലും ദേവസ്വം കമ്മീഷണര്‍ എന്നല്ല ഒരു തസ്തികയിലേക്കും അഹിന്ദുക്കളെ നിയമിക്കാനാവില്ലെന്നും അങ്ങനെ നിയമിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമഭേദഗതിയും കൊണ്ടുവന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുറമെ നിന്നുള്ള നിയമനമായതിനാല്‍ ആ വ്യക്തി ഹിന്ദുവായിരിക്കണമെന്നു തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തില്‍ 29(2) പ്രകാരം വ്യവസ്ഥയും ചെയ്തിരുന്നു. ദേവസ്വം കമ്മീഷണര്‍ നിയമന രീതിയില്‍ മാറ്റം വരുത്തുകയാണ് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ ചെയ്തത്. അല്ലാതെ അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറാക്കാമെന്ന ഭേദഗതിയല്ല ഉണ്ടായത്. ഹിന്ദുവാണെന്ന ഒറ്റ പരിഗണനയില്‍ ദേവസ്വം കമ്മീഷണറായി ആരെയും നിയമിക്കാമായിരുന്ന നിലവിലെ വ്യവസ്ഥ, യോഗ്യതാ മാനദണ്ഡത്തോടെ പുനര്‍നിര്‍വചിക്കുകയാണ് 13 (എ)യില്‍ ചെയ്തിരിക്കുന്നത്. ഇനിമുതല്‍ ദേവസ്വം ബോര്‍ഡുകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റ പദവിയായിരിക്കും ദേവസ്വം കമ്മീഷണര്‍ തസ്തികയെന്നാണ് നിയമഭേദഗതി. ഏതെങ്കിലും കാരണവശാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അഭാവമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിലെ അഡീഷനല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ദേവസ്വം ബോര്‍ഡിന് നിയമിക്കാമെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ദേവസ്വം ബോര്‍ഡുകളില്‍ എല്ലാ തസ്തികകളിലും ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്നു തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തില്‍ 29 (1) എന്ന ചട്ടത്തില്‍ പറയുന്നുണ്ട്. ആ ചട്ടത്തില്‍ മാറ്റം വരുത്തിയിട്ടില്ല. അഹിന്ദുകളെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന വസ്തുതാവിരുദ്ധമായ പ്രചാരണം വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് വേണ്ടിയുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top