അസൗകര്യങ്ങളുടെ നടുവില്‍ എലിക്കുളം പഞ്ചായത്ത്

പൊന്‍കുന്നം: എലിക്കുളം പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം അസൗകര്യങ്ങളുടെ നടുവില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്തു മന്ദിരം നവീകരിക്കാന്‍ ഭരണസമിതി തീരുമാനമെടുത്തിരുന്നു. 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റായിരുന്നു അന്നു തയ്യാറാക്കിയിരുന്നത്. ഇതനുസരിച്ച് നിര്‍മിതി കേന്ദ്രത്തെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചത്. നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മിതി കേന്ദ്രത്തെ ഒഴിവാക്കാന്‍  ഭരണസമിതി തീരുമാനമെടുത്തു. ഇതോടെ നിര്‍മാണം പാതിവഴിയിലായി. തുടര്‍ന്ന് നിര്‍മിതി കേന്ദ്രം ഡിഡിപിയില്‍ നിന്നു വിശദീകരണം തേടി. നിര്‍മിതി കേന്ദ്രത്തെ ഒഴിവാക്കിയതിന്റെ വ്യക്തമായ കാരണവും എന്‍ജിനീയറുടെ വിശദീകരണവും ആവശ്യപ്പെട്ടു ഡിഡിപി പഞ്ചായത്തു സെക്രട്ടറിയില്‍ നിന്നു റിപോര്‍ട്ട് തേടിയിട്ടുണ്ട്.സബ്ജക്ട് കമ്മറ്റിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്തു കമ്മറ്റിയുടെ അനുമതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സെക്രട്ടറി. പഞ്ചായത്തു മന്ദിര നവീകരണ പദ്ധതിയുടെ പുതിയ എസ്റ്റിമേറ്റ് ഡിഡിപിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത കമ്മിറ്റിയില്‍ അനുമതി ലഭിക്കുമെന്നും അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ ചെയ്തു നിര്‍മാണം തുടങ്ങുമെന്നുമാണ് എഇ പറയുന്നത്.

RELATED STORIES

Share it
Top