അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കൊണ്ടോട്ടി ബസ്സ്റ്റാന്റ്‌

കൊണ്ടോട്ടി: ബസ് സ്റ്റാന്റ് നടത്തിപ്പിന് പുതിയ ലേലക്കാരെ തേടി നഗരസഭ ഇറങ്ങുമ്പോള്‍ ബസ് കാത്തിരിപ്പുകേന്ദ്രം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. യാത്രക്കാര്‍ക്ക് മതിയായ ഇരിപ്പിടങ്ങളില്ലെന്നതാണ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥ. നിലവിലുള്ള ഇരിപ്പിടങ്ങളത്രയും തകര്‍ന്നിട്ടുണ്ട് സ്ത്രീകളും കുഞ്ഞുങ്ങളും നിന്നുതിരിയേണ്ട അവസ്ഥയാണ്. മഴ കൊള്ളാതിരിക്കാന്‍ കേന്ദ്രത്തിലേക്ക് യാത്രക്കാര്‍ കൂട്ടത്തോടെ കയറുന്നതോടെ, യാത്രക്കാര്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ല.
ഇതോടെ കുട ചൂടി കേന്ദ്രത്തിന് പുറത്ത് നില്‍ക്കേണ്ട ഗതികേടാണ്. കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ദുരവസ്ഥയില്‍ ഏറെ പൊറുതി മുട്ടുന്നത് സ്ത്രീകളാണ്. വിദ്യാര്‍ഥിനികള്‍, കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍, വൃദ്ധര്‍, രോഗികള്‍ ഇവര്‍ക്കെന്നും കൊണ്ടോട്ടി ബസ്‌സ്റ്റാന്റില്‍ മതിയായ പരിരക്ഷ നല്‍കുന്നില്ല. പ്രഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍, വാവിട്ടു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും ഇവിടെ സൗകര്യങ്ങളില്ല. ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് വനിതാവിശ്രമ കേന്ദ്രം നിര്‍ബന്ധമാണ്. നിലവിലുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇതിനായിപ്രയോജനപ്പെടുത്താനാവും. സ്ത്രീകള്‍ക്ക് മാത്രമുള്ള കേന്ദ്രത്തില്‍ വിശ്രമിക്കാനും കുടിവെള്ളത്തിനും ടോയ്‌ലെറ്റ് സൗകര്യവും കൂടി ഒരുക്കുന്നത് ഏറെ പ്രയോജനപ്പെടും. ദേശീയപാതയില്‍നിന്ന് അമിത വേഗത്തില്‍ ബസ്സ്റ്റാന്റിലേക്ക് ഓടിക്കയറുന്ന ബസ് യാത്രക്കാരുടെ ജീവനെടുക്കുന്ന സംഭവങ്ങള്‍ കൊണ്ടോട്ടിയില്‍ പതിവാണ്. ബസ്സുകളുടെ വീശിയൊടിച്ചുള്ള വരവും സ്റ്റാന്റിലെ അലക്ഷ്യമായുളള പാര്‍ക്കിങും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു.
പലപ്പോഴും ബസ്സുകള്‍ ദേശീയപാതയില്‍നിന്ന് കയറുന്ന ഭാഗത്തുനിര്‍ത്തി ആളെ കയറ്റുകയാണ്. സമയത്തിന്റെ പേരില്‍ ബസ്സ്റ്റാന്റില്‍ കയറാതെ ഓട്ടോറിക്ഷകളുടെ നിരയിലേക്ക് നിര്‍ത്തി യാത്രക്കാരെ തള്ളിയിറക്കുന്നു. ഇതിന് ശാശ്വത പരിഹാരം കാണണമെന്നും യാത്രക്കാര്‍ പറയുന്നു.

RELATED STORIES

Share it
Top