അസ്‌ലം വധക്കേസ്: പ്രതി പോലീസില്‍ കീഴടങ്ങി

നാദാപുരം: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ തൂണേരി വെള്ളൂരിലെ കാളിപറമ്പത്ത് അസ്‌ലമിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി സുമോഹന്‍ പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കോടതിയില്‍ കീഴടങ്ങാനെത്തിയ വളയം സ്വദേശിയായ സുമോഹനെ നാദാപുരം സിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അസ് ലമിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ സുമോഹന്‍ ആറ് മാസമായി നാട്ടില്‍ തിരിച്ചെത്തിയിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. നാട്ടിലെത്തിയ സുമോഹന്‍ വീടിന്റെ പ്രവേശന കര്‍മത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സുമോഹനെ അറസ്റ്റ് ചെയ്യാത്തത് സിപിഎം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് സുമോഹന്റെ കീഴടങ്ങല്‍.
2016 ആഗസ്ത് 11നാണ് അസ്‌ലം വെട്ടേറ്റ് മരിച്ചത്. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പോകവെ ഇന്നോവ കാറിലെത്തിയ സംഘം അസ് ലം സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകായുധങ്ങള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അസ്‌ലം മരിച്ചത്.സി.പി.എം പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയാളായിരുന്നു കൊല്ലപ്പെട്ട അസ്‌ലം.

RELATED STORIES

Share it
Top