അസ്വസ്ഥരായ മാണി വിരുദ്ധരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്‌കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായുണ്ടാക്കിയ ധാരണയുടെ പേരില്‍ അസ്വസ്ഥരായ കേരളാ കോണ്‍ഗ്രസ്സി (എം)ലെ മാണി വിരുദ്ധരെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ്സില്‍ നീക്കം. കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും ഏകപക്ഷീയമായ നീക്കത്തില്‍ കടുത്ത പ്രതിഷേധമുള്ള പഴയ ജോസഫ് ഗ്രൂപ്പിനെയും മാണി ഗ്രൂപ്പിലെ ഒരുവിഭാഗത്തെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണു തന്ത്രം മെനയുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ കണക്കെടുപ്പ് കോണ്‍ഗ്രസ് നടത്തി. കോട്ടയം, ഇടുക്കി ജില്ലകളില്‍ മാണി വിരുദ്ധര്‍ ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നല്‍കിയിരുന്ന പിന്തുണ തുടര്‍ന്നും നല്‍കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, മാണിയെ അനുകൂലിക്കുന്നവര്‍ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കും. തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുന്നത് കേരളാ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പി ജെ ജോസഫിന്റെയും കൂട്ടരുടെയും കണക്കുകൂട്ടല്‍. മധ്യകേരളത്തിലാണു കേരളാ കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം നഷ്ടമാവുന്നത് കേരളാ കോണ്‍ഗ്രസ്സിന്റെ അടിത്തറയിളകുന്നതിലേക്കായിരിക്കും വഴിവയ്ക്കുക. ഇതു മുന്നില്‍ക്കണ്ടാണ് കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കത്തെ പി ജെ ജോസഫ് പരസ്യമായി തള്ളിപ്പറഞ്ഞത്. ഒമ്പതിനു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഭാവിപരിപാടികള്‍ ആലോചിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. തദ്ദേശസ്ഥാപനങ്ങളില്‍ സഹകരണം തുടര്‍ന്നുകൊണ്ട് ഭാവിയില്‍ മാണി വിരുദ്ധരെ യുഡിഎഫിലെത്തിക്കാമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍.

RELATED STORIES

Share it
Top