അസ്ലന്‍ഷാ കപ്പ്: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഇന്ത്യ
ഒപോഹ്(മലേസ്യ): സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 1-1ന്റെ സമനില. ഇന്ത്യയ്ക്ക് വേണ്ടി ശിലാനന്ദ് ലാക്ര ഗോള്‍ കണ്ടെത്തിയപ്പോള്‍ ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക് ഗ്ലെഗോര്‍നെ സമനില കണ്ടെത്തി. ഇന്ത്യക്കനുകൂലമായി റഫറി ഒമ്പത് പെനല്‍റ്റി വിധിച്ചപ്പോള്‍ ഇതില്‍ ഒന്ന് പോലും ഇംഗ്ലണ്ട് വലയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യന്‍ യുവനിരയ്ക്ക് കഴിഞ്ഞില്ല. ആദ്യ ക്വാര്‍ട്ടറിലെ 14ാം മിനിറ്റിലാണ് ലാക്ര ഇന്ത്യയ്ക്ക് വേണ്ടി ലീഡുയര്‍ത്തിയത്. ഇംഗ്ലണ്ട് പോസ്റ്റിന്റെ വലത് ഭാഗത്ത് നിന്ന് രമണ്‍ദീപ് സിങിന്റെ ക്രോസ് പിടിച്ചെടുത്ത തല്‍വീര്‍ സിങ് വല ലക്ഷ്യമാക്കി ഉതിര്‍ത്തെങ്കിലും ഗോളി തടുത്തിട്ടതോടെ റീബൗണ്ട് ചെയ്‌തെത്തിയ പന്ത് ലാക്ര മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറിന്റെ അവസാനം ഇംഗ്ലണ്ട് ഗോളിന് വേണ്ടി ഇന്ത്യന്‍ പോസ്റ്റിലേക്ക് ഇരച്ചു കയറിയെങ്കിലും ഇന്ത്യന്‍ ഡിഫന്‍ഡര്‍മാരുടെ ചെറുത്തു നില്‍പ്പില്‍  ഇംഗ്ലണ്ടിന് ഗോള്‍ അകന്നുനിന്നു. പിന്നീട് രണ്ടാം ക്വാര്‍ട്ടറിലും മുന്നാം ക്വാര്‍ട്ടറിലും ഡിഫന്‍ഡര്‍മാരുടെ മികച്ച പ്രകടനത്തില്‍ ലീഡ് നിലനിര്‍ത്തിയ ഇന്ത്യയ്ക്ക് നാലാം ക്വാര്‍ട്ടറില്‍ കളി തീരാന്‍ എട്ട് മിനിറ്റ് ബാക്കി നില്‍ക്കെയാണ് ജയമോഹം അകന്നു നിന്നത്. ഈ സമയം, ഇംഗ്ലണ്ടിനനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചപ്പോള്‍ ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. നിലാകന്ത ശര്‍മയുടെ ഫൗളിലായിരുന്നു ഇംഗ്ലണ്ടിന് പെനല്‍റ്റി വീണു കിട്ടിയത്. പെനല്‍റ്റിയെടുത്ത മാര്‍ക് ഗ്ലെഗോര്‍നെ ഇന്ത്യന്‍ ഗോളി ക്രിഷന്‍ പത്താനെ വെട്ടിച്ച് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. മല്‍സരം സമനിലയില്‍ കലാശിച്ചതോടെ ഇരുടീമും ഓരോ പോയിന്റുകള്‍ വീതം നേടി കളം വിട്ടു. നാളെ ലോക ഒന്നാം നമ്പര്‍ താരമായ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.

RELATED STORIES

Share it
Top