അസ്താനയ്‌ക്കെതിരേതെളിവുണ്ട്‌

ന്യൂഡല്‍ഹി: വിവിധ അഴിമതിക്കേസുകളില്‍ ആരോപണവിധേയനായ മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. അസ്താനയ്‌ക്കെതിരായ കൈക്കൂലിക്കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ എ കെ ബസ്സിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. മാംസ കയറ്റുമതിവ്യാപാരി മുഈന്‍ ഖുറേഷിയില്‍ നിന്ന് മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയതിന് അസ്താനയ്‌ക്കെതിരേ ശക്തമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കൈക്കൂലിക്കേസില്‍ ഒന്നാംപ്രതിയാണ് അസ്താന. കേസിലെ എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നവര്‍ക്ക് മൂന്നു കോടി രൂപ കൈക്കൂലി നല്‍കിയതിന് വാട്‌സ്ആപ്പ് സന്ദേശങ്ങളും ഫോണ്‍കോളുകളും എസ്എംഎസുകളും തെളിവായുണ്ടെന്നും ബസ്സി തന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അസ്താനയ്‌ക്കെതിരായ കേസന്വേഷണം പുരോഗമിക്കവെ ആന്തമാനിലേക്കു സ്ഥലംമാറ്റിയതിനെയും ബസ്സി ഹരജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. അതേസമയം, പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ബസ്സിയുടെ ആവശ്യം കോടതി തള്ളി. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചശേഷം കേസ് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
അസ്താനയ്‌ക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച ഹൈദരാബാദ് സ്വദേശിയായ സതീഷ് ബാബുവിന് സംരക്ഷണം നല്‍കാന്‍ ഹൈദരാബാദ് എസ്പിക്കു സുപ്രിംകോടതി നിര്‍ദേശം നല്‍കി. കേസില്‍ വിചാരണ പൂര്‍ത്തിയാവും വരെ സുരക്ഷയൊരുക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. മുഈന്‍ ഖുറേഷിക്കെതിരായ കേസ് അട്ടിമറിക്കാനായി കഴിഞ്ഞ ഡിസംബര്‍ മുതല്‍ പത്തു തവണയായി മൂന്നു കോടി രൂപ അസ്താനയ്ക്കു നല്‍കിയെന്നാണ് സതീഷ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, ചോദ്യംചെയ്യാനായി സിബിഐ മുമ്പാകെ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന സതീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രാകേഷ് അസ്താനയ്ക്കും അലോക് വര്‍മയ്ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിരമിച്ച ജഡ്ജി ജസ്റ്റിസ് എ കെ പട്‌നായിക് മുമ്പാകെ നേരിട്ടു ഹാജരായി മൊഴി നല്‍കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് കോടതി തള്ളിയത്.
തന്നെ സിബിഐ തലപ്പത്തു നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് അലോക് വര്‍മയും നടപടിക്രമങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്ത് കോമണ്‍കോസ് എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹരജിയും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെയുണ്ട്. കഴിഞ്ഞയാഴ്ച ഹരജി പരിഗണിക്കവെ അലോക് വര്‍മയ്‌ക്കെതിരായ അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര വിജിലന്‍സ് കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു. സിബിഐ തലപ്പത്ത് പകരക്കാരനായി വന്ന നാഗേശ്വര്‍ റാവുവിനോട് കേസ് തീര്‍പ്പാവുന്നത് വരെ നയപരമായ തീരുമാനങ്ങളെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 25ന് അര്‍ധരാത്രിയാണ് അലോക് വര്‍മയെയും അസ്താനയെയും മാറ്റുകയും സംഘപരിവാര സഹയാത്രികനായ നാഗേശ്വര്‍റാവുവിന് താല്‍ക്കാലിക ഡയറക്ടര്‍ പദവി നല്‍കുകയും ചെയ്ത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടിയുടെ ഭാഗമായി സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ പദവിയില്‍ നിന്ന് നീക്കംചെയ്തതിനൊപ്പം സ്ഥലംമാറ്റപ്പെട്ട 13 ഉദ്യോഗസ്ഥരില്‍ ഒരാളാണ് എ കെ ബസ്സി. ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കായിരുന്നു ബസ്സിയെ മാറ്റിയത്.

RELATED STORIES

Share it
Top