അസെര്‍ബെയ്ജാന്‍ ഗ്രാന്റ് പ്രീയില്‍ ലൂയിസ് ഹാമിള്ട്ടണ് ജേതാവ്
vishnu vis2018-04-30T16:52:28+05:30

ബാക്കു: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ അസെര്‍ബെയ്ജാന്‍ ഗ്രാന്റ്പ്രീ കിരീടം മെഴ്സിഡസിന്റെ സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമിള്ട്ടണ്. നിലവിലെ ജേതാവായ ഹാമിള്‍ട്ടണിന്റെ ഈ സീസണിലെ ആദ്യ കിരീടം കൂടിയാണിത.് ഒരു മണിക്കൂര്‍ 43 മിനിറ്റ് 44.291 സെക്കന്റ് സമയം കുറിച്ചാണ് ഹാമിള്ട്ടണ് ജേതാവായത്. ഫെരാരിയുടെ കിമി റെയ്ക്കോനാനില് നിന്ന് ശക്തമായ പോരാട്ടം നേരിടേണ്ടി വന്നെങ്കിലും അവസാന ലാപുകളില്‍ റെയ്ക്കോനാനെ വീഴ്ത്തി ഹാമിള്ട്ടണ് കിരീടം ചൂടുകയായിരുന്നു. 1.43.47.751 സമയം കുറിച്ചാണ് റെയ്ക്കോനാന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അട്ടിമറി മുന്നേറ്റവുമായി ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ് 1.43.48.315 സമയം കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാം സ്ഥാനത്തും റെനോള്‍ട്ടിന്റെ കാര്‍ലോസ് സെയ്ന്‍സ് അഞ്ചാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി. അതേ സമയം റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാന് ആദ്യ 14ല്‍ ഇടം കണ്ടെത്താനായില്ല. കാറുകള്‍ കൂട്ടിയിടിച്ചതാണ് വെസ്തപ്പാന് തിരിച്ചടിയായത്.
മെഴ്സിഡസിലെ ഹാമിള്‍ട്ടണിന്റെ സഹതാരം വള്‍ട്ടേരി ബോത്താസ് അവസാന ലാപ്പുകളില്‍ കിരീടം ഉറപ്പിച്ച് മുന്നേറിയെങ്കിലും 49ാം ലാപ്പില്‍ ടയര്‍ പഞ്ചറായതോടെ ബോത്താസിന് തിരിച്ചടിയായി. ഗ്രാന്റ് പ്രീയിലെ ഏറ്റവും വേഗമേറിയ ലാപ്പും വള്‍ട്ടേരി ബോത്താസിന്റെ പേരിലാണ്. 37ാം ലാപ് ഒരു മിനിറ്റ് 45.149 സെക്കന്റ് സമയംകൊണ്ടാണ് ബോത്താസ് പൂര്‍ത്തിയാക്കിയത്.
നിലവിലെ പോയിന്റ് പട്ടികയില്‍ നിലവിലെ ജേതാവായ ഹാമിള്ട്ടണ് തന്നെയാണ് തലപ്പത്തുള്ളത്. 70 പോയിന്റുകളാണ് ഹാമിള്‍ട്ടണിന്റെ സമ്പാദ്യം. 66 പോയിന്റോടെ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാം സ്ഥാനത്തും 48 പോയിന്റോടെ ഫെരാരിയുടെ തന്നെ കിമി റെയ്ക്കോനാന് മൂന്നാം സ്ഥാനത്തുമാണുള്ളത്.