അസുരഭാവം തീര്‍ത്ത് പാണ്ടിമേളം

തൃശൂര്‍: തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവിനോടനുബന്ധിച്ച് അരങ്ങേറിയ പാണ്ടിമേളം പൂരനഗരിയില്‍ അസുരഭാവം തീര്‍ത്തു. മേളപ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാരുടെ മാന്ത്രിക വിരലുകളാല്‍ ഒരുക്കിയ മേളഗോപുരത്തിന് പതിനായിരങ്ങള്‍ സാക്ഷികളായി.
കോങ്ങാട് മധു പ്രമാണിയായുള്ള മഠത്തില്‍ വരവ് പഞ്ചവാദ്യം നായ്ക്കനാല്‍ ജംഗ്ഷനിലെത്തി തിമിലയുടെ കൂട്ടപ്പൊരിച്ചില്‍ കഴിഞ്ഞ ഉടനെ 2.45ന് കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ ചെണ്ടയില്‍ പാണ്ടി മേളത്തിന് ആദ്യകോലു വീണു. തിരുവമ്പാടിയുടെ പാണ്ടി മേളത്തിന് കിഴക്കൂട്ട് അനിയന്‍ മാരാരുടെ തുടര്‍ച്ചയായ എട്ടാം പ്രമാണമായിരുന്നു ഇത്തവണത്തേത്. നായ്ക്കനാലില്‍ നിന്ന് 7 ആനകളുമായുള്ള എഴുന്നെള്ളിപ്പ് പിന്നീട് ശ്രീമൂല സ്ഥാനത്തേയ്ക്ക്.
തണലില്ലാത്ത വഴിയില്‍ കിഴക്കൂട്ട് ഒരുക്കിയ മേള വിരൂന്നില്‍ പൂരപ്രേമികള്‍ വെയിലിന്റെ കാഠിന്യമറിയാതെ മേള തണുപ്പിലലിഞ്ഞു. ശ്രീമൂലത്തേക്കുള്ള യാത്രയില്‍ എട്ട് ആനകളെ കൂടെ കൂട്ടിയതോടെ എഴുന്നെള്ളിപ്പിന് മൊത്തം 15 ആനകളായി. മേളത്തില്‍ അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള കിഴക്കൂട്ട് അനിയന്‍ മാരാരുടെ അനുഗ്രഹീത വിരലുകളാല്‍ കൊട്ടിക്കയറിയ പാണ്ടിമേളം പൂരനഗരിയില്‍ അസുരവാദ്യത്തിന്റെ സമസ്ത സൗന്ദര്യവും പുറത്തെടുത്തപ്പോള്‍ മേളപ്രേമികള്‍ അലകടലായി. എഴുന്നെള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തിയപ്പോള്‍ കാത്തു നിന്നിരുന്ന പുരുഷാരം മേള ലഹരിയിലലിഞ്ഞു.
വൈകീട്ട് അഞ്ചോടെ പൂരാസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയേറ്റി കിഴക്കൂട്ട് അനിയന്‍മാരാര്‍ മേളഗോപുരം കൊട്ടിതീര്‍ത്തു. രണ്ടേ മുക്കാല്‍ മണിക്കൂര്‍ നീണ്ട പാണ്ടിമേളം അസുരതാളത്തിന്റെ മാസ്മരികതയാല്‍ കൊട്ടിത്തിമിര്‍ത്തപ്പോള്‍ മേളപ്രേമികള്‍ക്കത് അവിസ്മരണീയമായ മറ്റൊരു പൂരവിരുന്നായി.

RELATED STORIES

Share it
Top