അസി. ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിച്ചു; നാട്ടുകാരില്‍ നിന്ന് വിവരം ശേഖരിച്ചു

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അസി. ജിയോളജിസ്റ്റ് രശ്മി സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കി. ഇന്നലെ രാവിലെ ഗ്രാമപ്പഞ്ചായത്തോഫിസിലെത്തിയ അവര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ടി കെ രഗിന്‍ ലാലിനൊപ്പം ചെങ്ങോടുമല സന്ദര്‍ശിച്ചു.
ചെങ്ങോടുമല, തണ്ടപ്പുറം നിവാസികള്‍ക്കുള്ള ജലനിധി പദ്ധതിയുടെ എരഞ്ഞോളി താഴെയുള്ള കിണറും സംഘം സന്ദര്‍ശിച്ചു. ചെങ്ങോടുമല, താഴ്‌വാരത്തെ ജലത്തിന്റെ ഉറവിടമാണെന്നും വനനിബിഡമായ മല നശിച്ചാല്‍ പ്രദേശം മരുഭൂമിയാവുമെന്നും നാട്ടുകാര്‍ ജിയോളജിസ്റ്റിനെ ബോധിപ്പിച്ചു. ഒന്നര മീറ്റര്‍ മേല്‍ മണ്ണ് നീക്കം ചെയ്ത് ഖനനം നടത്തിയാല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാവുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിയുടെ നിര്‍ദേശ പ്രകാരം ജിയോളജിറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥനും സമിതിയിലെ ഒരു പരിസ്ഥിതി പ്രവര്‍ത്തകനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്റെ വിയോജിപ്പോടെയുള്ള റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖനനാനുമതി നല്‍കിയത്.
എന്നാല്‍ സബ് കലക്ടറുടെ റിപോര്‍ട്ട് ഉണ്ടായിട്ടുപോലും വിദഗ്ധ പഠനം നടത്താതെ തയ്യാറാക്കിയ റിപോര്‍ട്ട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇതു സംബന്ധിച്ച് എഡിഎമ്മിനോടും ജിയോളജിസ്റ്റിനോടും റിപോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. മുന്‍ ഗ്രാമ പ്പഞ്ചായത്തംഗം എ ദിവാകരന്‍ നായര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കൊളക്കണ്ടി ബിജു, പി സി ദിലീഷ് സംസാരിച്ചു.

RELATED STORIES

Share it
Top