അസി. എന്‍ജിനീയറെ ഉപരോധിച്ചു

ചെറുപുഴ: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ മറവില്‍ കരാറുകാരനുമായി ചേര്‍ന്ന് സബ് എന്‍ജിനീയര്‍ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന ആരോപണമുയര്‍ന്ന ചെറുപുഴ കെഎസ്ഇബി ഓഫിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് അസി. എന്‍ജിനീയര്‍ ഡി ലൈലാദാസിനെ ഉപരോധിച്ചത്. അര മണിക്കൂറോളം ഓഫിസിനുള്ളില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ചെറുപുഴ പോലിസ് സ്ഥലത്തെത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുര്‍ റഷീദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി പി  ശ്രീനിഷ്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി രജീഷ് പാലങ്ങാടന്‍, എം വിപിന്‍, ക്രിസ്‌റ്റോ വളവനാട്ട്, മന്‍സൂര്‍ കോളയത്ത്, സാജു ജോസഫ്, റോബിന്‍ തോമസ് നേതൃത്വം നല്‍കി. ആരോപണ വിധേയനായ കരാറുകാരനെ മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ളകാര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്ന് അസി. എന്‍ജിനീയര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
2017 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതീകരണ പ്രവൃത്തി നടത്തിയ വീടുകളുടെ പേരില്‍ കരാറുകാരന്‍ മുഖേന ബില്ലെഴുതി ഒരു ലക്ഷത്തിലേറെ രൂപ സബ് എന്‍ജിനീയര്‍ തട്ടിയെടുത്തെന്നാണ് ആരോപണം.

RELATED STORIES

Share it
Top